
കൊച്ചി: കളമശ്ശേരിയില് കോണ്ഗ്രസ് ഓഫീസ് തല്ലിതകര്ത്ത സംഭവത്തില് സിപിഎം പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി മെവിന് ജോയിയുടെ പരാതിയില് സിപിഎം ലോക്കല് സെക്രട്ടറി അടക്കം ഏഴുപേര്ക്കെതിരെയാണ് കേസെടുത്തത്.
ലോക്കല് സെക്രട്ടറി അനില്, പ്രവര്ത്തകരായ ലൂയിസ്, ജോണി, ജ്യോതിഷ്, ഷൈജന്, തമ്പി, വിപിന് എന്നിവര്ക്കെതിരെയാണ് ചെങ്ങമനാട് പൊലിസ് കേസ് രജിസ്റ്റര് ചെയ്തത്.
കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോണ്ഗ്രസ് ഓഫീസായ ഇന്ദിര ഭവന് സിപിഎം പ്രവര്ത്തകര് അടിച്ചു തകര്ത്തുവെന്നാണ് പരാതി. കോണ്ഗ്രസ് പ്രവര്ത്തകര് സ്ഥാപിച്ച ബൈ ബൈ പിണറായി എന്നെഴുതിയ ഫഌക്സ് ബോര്ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നല്കിയതിനാണ് കോണ്ഗ്രസ് ഓഫീസ് ആക്രമിച്ചതെന്നാണ് പരാതിയില് പറയുന്നത്. തിങ്കളാഴ്ച്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായെത്തിയ സംഘം കൊന്നുകളയുമെന്ന് ആക്രോശിച്ചെന്നും എഫ്.ഐ.ആറില് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫഌക്സ് ബോര്ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്ക്കത്തില് ഇരുമുന്നണികളും പൊലിസിന്റെ മധ്യസ്ഥതയില് ചര്ച്ച നടത്തിയിരുന്നു. തുടര്ന്ന് വീണ്ടും ഫഌക്സ് ബോര്ഡ് സ്ഥാപിച്ചതില് പ്രകോപിതരായാണ് സിപിഎം പ്രവര്ത്തകര് കോണ്ഗ്രസ് ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടതെന്ന് യുഡിഎഫ് പറയുന്നു. ഇന്ദിരഭവനില് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.



