അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ് ; പിന്നിൽ കരാറുകാരും വാട്ടർ അതോറിറ്റിയും ചേർന്നുള്ള മാഫിയ, മറിയുന്നത് കോടികൾ

അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ് ; പിന്നിൽ കരാറുകാരും വാട്ടർ അതോറിറ്റിയും ചേർന്നുള്ള മാഫിയ, മറിയുന്നത് കോടികൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് നിരവധി പരാതികളുടേയും സമ്മർദ്ദങ്ങളുടേയും ഫലമായി ടാറിട്ട് പുത്തനാക്കിയാൽ പിറ്റേന്ന് പൊളിക്കാനെത്തുന്ന സംഭവങ്ങൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പലപ്പോഴും വാർത്തകളിലൂടെ കേട്ട് മടുത്ത റോഡ് കുത്തിപ്പൊളിക്കലിലെ നഷ്ടം എത്രയെന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡാണ്. ഈ കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത് പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരനാണ്. റോഡ് പൊളിക്കലിന് പിന്നിലെ ശരിക്കുള്ള കാരണം തേടി വിജിലൻസ് ഇറങ്ങിയപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജലഅതോറിറ്റി എൻജിനീയർമാരും കരാറുകാരും ചേർന്ന് കള്ളക്കളി നടത്തുകയാണ്. റോഡ് വെട്ടിപ്പൊളിക്കൽ അഴിമതിക്കുള്ള പ്രധാന വഴിയാണെന്നും അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി.പ്രധാന പദ്ധതികൾക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കിൽ ആറുമാസം മുമ്പും ചെറിയ പദ്ധതികൾക്ക് മൂന്നുമാസം മുമ്പും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും സാധാരണയായി പാലിക്കാറില്ല. റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിനു നൽകേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജൻസികൾ അടയ്ക്കാറില്ല. എം. സ്വരാജിന്റെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഈ വിവരങ്ങൾ നിയമസഭയിൽ വെളിപ്പെടുത്തിയത്.