
തേർഡ് ഐ ബ്യൂറോ
നാട്ടകം: പള്ളം എട്ടുപടിയിൽ മീൻ പിടിക്കാനുള്ള കൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഏറ്റെടുത്തു. 30 കിലോയിലേറെ തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെയാണ് വനം വകുപ്പ് അധികൃതർ ഏറ്റെടുത്തത്. പാമ്പിനെ ളാഹ വനമേഖലയിൽ തുറന്നു വിടുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

പള്ളം എട്ടുപടിയിൽ തരിശിട്ടു കിടന്ന പാടശേഖരത്തിൽ മീൻ പിടിക്കാൻ സ്ഥാപിച്ച കൂടയിലാണ് രാവിലെ പെരുമ്പാമ്പ് കുടുങ്ങിയത്. മീൻ പിടിക്കുന്നതിനായി പ്രദേശവാസികളായ മീൻ പിടുത്തക്കാരാണ് ഇവിടെ കൂട് സ്ഥാപിച്ചിരുന്നത്. രാവിലെ മീൻ എടുക്കുന്നതിനായി സ്ഥലത്ത് എത്തിയപ്പോഴാണ് മീൻ കൂടയ്ക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടയ്ക്കുള്ളിലെ മീനിനെ തിന്നുന്നതിനായാണ് പാമ്പ് ഉള്ളിൽ കയറിയതെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതേ തുടർന്നു പെരുമ്പാമ്പിനെ കൂട സഹിതം കരയിൽ എത്തിച്ചു. 11 മണിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പാമ്പിനെ ചാക്കിലാക്കി.
തരിശിട്ടു കിടന്ന പാടശേഖരത്തിൽ മഴ പെയ്തതിനെ തുടർന്നു വെള്ളം നിറഞ്ഞു കിടന്നിരുന്നു. ഇത്തരത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്ത് മീൻ ലഭിക്കും. ഇതിനായാണ് മീൻപിടിക്കാൻ കൂടകൾ സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇവിടെ മീൻ പിടിക്കാൻ എത്തിയവരാണ് കൂടിനുള്ളിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്നു, ഇവർ വിവരം മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ അനീഷ് വരമ്പിനകത്തെ അറിയിച്ചു.
അനീഷ് വരുമ്പിനകം അടക്കമുള്ളവർ ചേർന്നു നഗരസഭ അധികൃതരെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്. തുടർന്നു, പാടത്തു നിന്നും പാമ്പിനെയും കൂടും പ്രദേശത്തെ എട്ടുപടിയിൽ വാസന്തിയുടെ വീട്ടുമുറ്റത്തേയ്ക്കു മാറ്റി. 11 മണിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു ശേഷം പാമ്പിനെ പുറത്തെടുത്ത് സുരക്ഷിത താവളത്തിലേയ്ക്കു മാറ്റും.
പെരുമ്പാമ്പിനെ പിടികൂടിയ വിവരം അറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. 30 കിലോയിലധികം തൂക്കം വരുന്നതാണ് പെരുമ്പാമ്പ്.







