Spread the love

കോഴിക്കോട്:  സാധാരണക്കാരനെ വലച്ച മത്സ്യവിലയ്ക്ക് ആശ്വാസമായി വിപണിയില്‍ വില കുത്തനെ കുറഞ്ഞു.

video
play-sharp-fill

കാലാവസ്ഥ അനുകൂലമായതോടെയാണ് വിലയിൽ ഇടിവ് സംഭവിച്ചത്. ട്രോളിംഗ് നിരോധനം തുടരുന്നതിനിടയിലും തീരക്കടലില്‍ നിന്ന് വലിയ തോതില്‍ മത്സ്യം ലഭിക്കുന്നതാണ് വിലക്കുറവിന് പ്രധാന കാരണം.

കേരള തീരത്ത് അനുകൂലമായ കാലാവസ്ഥ തുടരുന്നതിനാല്‍ പ്രധാന ഹാര്‍ബറുകളിലെല്ലാം മത്സ്യബന്ധനം സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്തി, നത്തോലി, ചെമ്മീന്‍, ചൂട എന്നിവയാണ് ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നത്.

സാധാരണ രീതിയില്‍ ട്രോളിംഗ് തുടങ്ങുന്നതോടെ മത്സ്യലഭ്യത കുറയുകയും വില ഇരട്ടിയിലധികമായി കൂടുകയുമാണ് പതിവ്.

ഇത്തവണയും ട്രോളിംഗ് ആരംഭിച്ചതോടെ വില രണ്ടിരട്ടിയായി കൂടിയിരുന്നു. എന്നാല്‍ നിലവില്‍ മത്സ്യലഭ്യത കൂടിയത് വില കുറയാന്‍ കാരണമായി.

കിലോയ്ക്ക് 240 മുതല്‍ 300രൂപ വരെ എത്തിയിരുന്ന നത്തോലിയുടെ വില ഇപ്പോള്‍ 100 മുതല്‍ 110 രൂപ വരെയായി താഴ്ന്നിട്ടുണ്ട്. ഈ സമയത്ത് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മത്സ്യങ്ങളിലൊന്നാണ് നത്തോലി.

ലഭിക്കുന്നതിന്റെ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്തേക്കും കയറ്റി അയക്കുന്നുണ്ട്. മത്സ്യപ്രേമികളുടെ ഇഷ്ടവിഭവമായ മത്തിക്കും വിലക്കുറവുണ്ട്.

നേരത്തെ 400 മുതല്‍ 450 രൂപ വരെ എത്തിയിരുന്ന മത്തിയുടെ കിലോവില ഇപ്പോള്‍ 240 മുതല്‍ 280 രൂപ വരെയാണ്. വിപണിയില്‍ വലിപ്പമേറിയ മത്തിയാണ് ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നത്.

ചൂടയുടെ വിലയും ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക് 440 മുതല്‍ 450 രൂപ വരെ എത്തിയിരുന്ന ചൂട ഇപ്പോള്‍ 180 മുതല്‍ 200 രൂപ വരെയാണ് വില്‍ക്കുന്നത്. ചെറിയ ചെമ്മീന്‍ കിലോയ്ക്ക് 250 മുതല്‍ 300 രൂപ നിരക്കിലും ലഭ്യമാണ്. അതേസമയം, ആവോലി, അയക്കൂറ തുടങ്ങിയ ഉയര്‍ന്ന വിലയുള്ള മത്സ്യങ്ങള്‍ക്ക് ഇപ്പോഴും കിലോയ്ക്ക് 1,200 മുതല്‍ 1,600 രൂപ വരെ വിലയുണ്ട്.

മത്സ്യലഭ്യത അനുസരിച്ച്‌ രാവിലെ ഒരു വിലയും വൈകീട്ട് മറ്റൊരു വിലയുമെന്ന രീതിയിലാണ് വിപണിയിലെ സ്ഥിതി. രണ്ട് ദിവസമായി കാലാവസ്ഥ അനുകൂലമായതാണ് വില കുറഞ്ഞതെന്നും വരും ദിവസങ്ങളില്‍ ലഭ്യതയ്ക്കനുസരിച്ച്‌ വിലയില്‍ മാറ്റം വരാന്‍ സാദ്ധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ പറയുന്നു.