
ആലപ്പുഴയിൽ മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറുൾപ്പെടെ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
ചാരുംമുട്: മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും വാനിലുണ്ടായിരുന്ന മത്സ്യ വ്യാപാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
ആലപ്പുഴ പുന്നപ്ര സ്വാദേശിയായ ഡ്രൈവർ തൻസീർ, മത്സ്യ വ്യാപാരി കുഞ്ഞുമോൻ എന്നിവരാണ് പരിക്കേൽക്കാൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. റോഡരുകിലെ താഴ്ച്ചയിലേക്ക് വാൻ മറിഞ്ഞപ്പോൾ ഡ്രൈവർ വാനിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പഴകുളത്ത് മത്സ്യം ഇറക്കിയശേഷം കൊല്ലക്കടവ് മാർക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിരെ വന്ന കാറിന് സൈഡ് നൽകുന്നതിനിടയിൽ വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നിയന്ത്രിക്കാൻ റോഡരുകിൽ മുമ്പ് സ്ഥാപിച്ച ഇരുമ്പ് കൊണ്ടുള്ള സംരക്ഷണ വേലി തകർത്താണ് വാൻ മറിഞ്ഞത്. ഇൻസുലേറ്റഡ് വനിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു.
കൊല്ലം – തേനി ദേശീയ പാതയുടെ ഭാഗമാണങ്കിലും റോഡിന് മതിയായ വീതി ഇല്ലാത്തതും കുത്തനെ ചരിഞ്ഞുള്ള കൊടും വളവും മൂലം ഇവിടെ അപകടം വർധിക്കുകയാണ്. കഴിഞ്ഞ മാസം ഇവിടെ കാർ നിയന്ത്രണം വിട്ട് വൈദ്യംതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയിരുന്നു. അന്നും കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.