മീൻ ലോറി കടത്തി വിടാൻ ഒരു ലക്ഷം രൂപ കൈക്കൂലിതരണമെന്ന് ആവശ്യം ; പണം തന്നില്ലെങ്കിൽ പഴകിയ മീനെന്ന് റിപ്പോർട്ട് നൽകി നടപടിയെടുക്കുമെന്ന് ഭീഷണിയും : ലോറി ഡ്രൈവറെ തടഞ്ഞു നിർത്തി കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പടെ എട്ട് പേർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ

 

ആലപ്പുഴ: ഇതരസംസ്ഥാനത്ത് നിന്നും മീനുമായി എത്തിയ ലോറി കൊവിഡ് പരിശോധനാ ചെക്ക് പോസ്റ്റിൽ  തടഞ്ഞുനിർത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെ വിജിലൻസ് കുടുക്കി. പണം തന്നില്ലെങ്കിൽ കേടുവന്നവയെന്ന് വരുത്തി തീർത്ത് ടൺ കണക്കിന് മത്സ്യം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്.

മത്സ്യ മൊത്ത വ്യാപാരിയുമായി ചേർന്നുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലിൻസ് സംഘം പ്രതികളെ കുടുക്കിയത്. സംഭവത്തവിൽ സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥരെ കുടുക്കാൻ സഹായിച്ചത്.

കഴിഞ്ഞ മേയ് പത്താം തീയതി കായംകുളം കൃഷ്ണപുരത്താണ് സംഭവം നടന്നത്. കർണ്ണാടകയിൽ നിന്നും കളിയാക്കാവിളയിലേക്ക് മത്സ്യവുമായി എത്തിയ ലോറി കൃഷ്ണപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനവാസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞത്.

ലോറി ചെക്ക് പോസ്റ്റ് കടത്തിവിടാൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പഴകിയ മീൻ എന്ന് റിപ്പോർട്ട് നൽകി നടപടിയെടുക്കുമെന്നായിരുന്നു ഭീഷണി.

ലോറി ഡ്രൈവർ ഉടൻ കർണ്ണാടകയിലെ ഉടമയെ വിളിച്ചു. അയാൾ കായകുളത്തെ മത്സ്യമൊത്ത വ്യാപാരി താജുദീനെ വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. മത്സ്യം കേടുവന്നതാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് താജുദ്ദീനെ ഒഴിവാക്കി മറ്റ് ഇടനിലക്കാർ വഴി ഉദ്യോഗസ്ഥർ എഴുപത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങിയാണ് ലോറി വിട്ടയത്.

ഇതേ തുടർന്ന് താജുദ്ദീനാണ് കൈക്കൂലി വാങ്ങിയ കാര്യം വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞതോടെ പണം തിരികെ നൽകി ഒത്തുതീർപ്പിന് ഉദ്യോഗസ്ഥർ മുന്നോട്ട് വന്നു. കൈക്കൂലി ഉദ്യോഗസ്ഥർ തിരികെ നൽകുന്ന സിസിടിവി ദൃശ്യങ്ങളടക്കം വിജിലൻസിന് കിട്ടി.

സംഭവത്തിൽ കൃഷ്ണപുരം ഹെൽത്ത് ഇൻസ്‌പെകടർ ഷാനവാസ് ഉൾപ്പെടെ എട്ടു പേരെ പ്രതിചേർത്ത് വിജിലൻസ് ഉടൻ കുറ്റപത്രം നൽകും. കൈക്കൂലി വാങ്ങിയ 75000 രൂപയും കോടതിയിൽ ഹാജരാക്കും. കോട്ടയം വിജിലൻസ് റേഞ്ച് എസ്പി വി.ജി. വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.