സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചീറ്റില്ല : 12 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായി ; മയക്കുമരുന്ന്- സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ബിനിഷ് കോടിയേരിയ്ക്ക് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റിന്റെ ക്ലീൻ ചീറ്റില്ല. സ്വർണക്കടത്ത് കേസിൽ 12 മണിക്കൂർ നീണ്ടുനിന്ന ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.

വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ഇതിന് പുറമെ സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി ആരാഞ്ഞു.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അപ്രതീക്ഷിതമായി എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത്. രാവിലെ ഒൻപതരയോടെ ബിനീഷ് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി.

എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പി.രാധാകൃഷ്ണൻ പത്തു മണിക്ക് ഓഫിസിൽ എത്തിയതോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നു സംശയമുണ്ട്.

ഈ കേസ് അന്വേഷിച്ച നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇഡിയിൽ നിന്ന് വിവരങ്ങൾ തേടി. കേസിൽ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുപത് പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണു ബിനീഷിൽനിന്നു പ്രധാനമായും ഇഡി തേടിയത്.