
പാലക്കാട് : പാലക്കാട് പട്ടാമ്പി കുടലൂരിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീ പടർന്നത്. ടയറുകള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്ത് നിന്നുണ്ടായ തീ പെട്ടെന്ന് ഗോഡൗണ്‍ മുഴുവൻ വ്യാപിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും കനത്ത പുകയും തീയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി.
തുടർന്ന് ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകളെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. ജാഫർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ അൻപതിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തീപിടുത്തം ഉണ്ടായ സമയത്ത് ആരും അകത്തില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. സ്ഥലത്ത് ഇപ്പോഴും ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്


