
തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന് മാത്രം പനിബാധിച്ച് ചികിത്സ തേടിയത് 13187 പേരാണ്.
ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2851 പേരാണ് ജില്ലയില്‍ പനിബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന പനിബാധിതര്‍ ആയിരത്തിന് മുകളിലാണ്. 75 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 312 പേര് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയിട്ടുണ്ട്. 13 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. 8 പേര് എലിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയിട്ടുണ്ട്. മലേറിയ ബാധിച്ച് ഏഴ് പേരാണ് ചികിത്സയിലുള്ളത്. ഇന്ന് മാത്രം ഇന്‍ഫ്ളുവന്‍സ ബാധിച്ചത് 112 പേര്‍ക്കാണ്. 95 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. കൂടാതെ സംസ്ഥാനത്ത് മുണ്ടിനീരും വ്യാപകമാകുന്നു. ഇന്ന് 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഷിഗെല്ല കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 114 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 54 പേര്‍ക്കായിരുന്നു രോഗം. 2025 ല്‍ 132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2024 ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023 ല്‍ 90 പേര്‍ക്കും 2022 ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നാല് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എല്ലാ സീസണിലും വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനും, ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്താനും മരുന്നിന്റെ ലഭ്യതയും സംഭരണവും ഉറപ്പാക്കുന്നതിനും ആണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ചത് ആരോഗ്യമന്ത്രി അധ്യക്ഷനായ ഉന്നത അധികാര സമിതി, ഡോ. എസ് എസ് ലാല്‍ അധ്യക്ഷനായ വിദഗ്ധ ഉപദേശ സമിതി, ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷനായ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി, ആശുപത്രി സൂപ്രണ്ട് അധ്യക്ഷനായ സ്ഥാപന തല സ്റ്റിയറിങ് കമ്മിറ്റി എന്നിവയാണ് പുതിയതായി രൂപീകരിച്ച കമ്മിറ്റികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group






