വിദൂര പഠന കേന്ദ്രത്തിന്റെ പേരിൽ വൻ തട്ടിപ്പ്: എയ്ഡ് എഡ്യൂക്കേഷൻ സെന്ററെന്ന പേരിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിൽ; കോടതി നേരിട്ട് അന്വേഷിച്ചിട്ടും തട്ടിപ്പ് സംഘത്തിന് രജിസ്‌ട്രേഷൻ ഹാജരാക്കാനായില്ല; അറസ്റ്റിലായത് സ്ഥാപനത്തിന്റെ മാനേജിംങ് ഡയറക്ടർമാർ

വിദൂര പഠന കേന്ദ്രത്തിന്റെ പേരിൽ വൻ തട്ടിപ്പ്: എയ്ഡ് എഡ്യൂക്കേഷൻ സെന്ററെന്ന പേരിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിൽ; കോടതി നേരിട്ട് അന്വേഷിച്ചിട്ടും തട്ടിപ്പ് സംഘത്തിന് രജിസ്‌ട്രേഷൻ ഹാജരാക്കാനായില്ല; അറസ്റ്റിലായത് സ്ഥാപനത്തിന്റെ മാനേജിംങ് ഡയറക്ടർമാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിദൂര പഠനം വഴി ഉന്നത ബിരുദം നേടാമെന്നു വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റിയൂഷൻ) മാനേജിംങ് ഡയറക്ടർമാർ അറസ്റ്റിൽ. മാസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വെസ്റ്റ് പൊലീസാണ് പിടികൂടിയത്. മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പുവല്ലൂർ ഷഷീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശേരി വീട്ടിൽ അബ്ദുൾ ആഷിഫ് (32) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

കോട്ടയം നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. തമിഴ്‌നാട്ടിലെ മധുര കാമരാജ് സർവകലാശാല അടക്കം വിവിധ സർവകലാശാലകളുടെ ഡിഗ്രി കോഴ്‌സുകൾ ഹ്രസ്വകാലയളവിൽ പാസാക്കി സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പറഞ്ഞാണ് ഇവർ വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ആകർഷിച്ച ശേഷം മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു വർഷ ബിബിഎ സർട്ടിഫിക്കറ്റ് ആറുമാസം കൊണ്ടു നൽകാമെന്നു വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവിൽ നിന്നും 33000 രൂപ ഫീസായി വാങ്ങിയ ശേഷം, ഇതേ സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് നമ്പർ വ്യാജമായി നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥി അന്വേഷിച്ചപ്പോഴാണ് സർവകലാശാലയിൽ ഇയാളുടെ പേര് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയത്.

തുടർന്നു, വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയത്തോടെ പ്രതികൾ മുൻകൂർ ജാമ്യവുമായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ ഇൻസ്റ്റിറ്റിയൂഷനു മധുര കാമരാജ് സർവകലാശാലയുടെ രജിസ്‌ട്രേഷൻ പോലുമില്ലെന്നു കണ്ടെത്തി. തുടർന്നു, പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം നേടുകയായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷനിലെത്തിയ പ്രതികളെ വെസ്റ്റ് എസ്.ഐ ടി.ആർ ശ്രീജിത്ത്, എസ്.ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു സണ്ണി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സംസ്ഥാനത്തെമ്പാടും ശാഖകളുള്ള തട്ടിപ്പ് സ്ഥാപനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ പലർക്കും ലഭിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഈ സ്ഥാപനത്തിൽ പഠിച്ചവർ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നും പൊലീസ് അറിയിച്ചു.