ഫേസ് ബുക്കിനും ഇനി സ്വന്തം കറൻസി’ ലിബ്ര’
സ്വന്തം ലേഖകൻ
സാൻഫ്രാൻസിസ്‌കോ: ലോകത്ത് 250 കോടിയോളം വരുന്ന ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഫേസ്ബുക്ക്, സ്വന്തമായി ഡിജിറ്റൽ കറൻസിയും പുറത്തിറക്കി. ബ്രികോയിൻ പോലെ, ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന സാങ്കല്പിക നാണയമായ (ക്രിപ്റ്റോകറൻസി) ‘ലിബ്ര’യാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ഒരുവർഷത്തിനകം ലിബ്ര, ഫേസ്ബുക്കിന്റെ ഉപഭോക്താക്കളിലേക്ക് എത്തും.ഇന്നലെ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ ലിബ്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആഗോള കമ്പനികളായ പേപാൽ, വീസ, മാസ്റ്റർകാർഡ്, സ്പോട്ടിഫൈ, യൂബർ തുടങ്ങിയ കമ്പനികളുമായി ചേർന്ന് ഫേസ്ബുക്ക് രൂപീകരിക്കുന്ന നിക്ഷേപക കൺസോർഷ്യത്തിനാണ് ലിബ്രയുടെ നിയന്ത്രണം. കൂടുതൽ പേരെ നിക്ഷേപകരെ കണ്ടെത്തി, ലിബ്രയുടെ വികസനത്തിനായി 100 കോടി ഡോളർ സമാഹരിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ആഗോളതലത്തിൽ ഇ-കൊമേഴ്സ് ഇടപാടുകൾക്ക് ലിബ്ര ഉപയോഗിക്കാനാകും.അതേസമയം, ക്രിപ്റ്റോകറൻസികൾക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും വിലക്കുണ്ട്. ഇതിനെ ലിബ്ര എങ്ങനെ മറികടക്കുമെന്നാണ് നിരീക്ഷകലോകം ഉറ്റുനോക്കുന്നത്. ഉപഭോക്തൃരഹസ്യം ചോർത്തിയ കേസിൽ ഫേസ്ബുക്കിനെതിരെ അമേരിക്കയിൽ വിചാരണയും നടക്കുകയാണ്. ഈ സാഹചര്യത്തിൽ ലിബ്രയുടെ ‘വിപണി പ്രവേശനം’ സുമഗമായിരിക്കില്ലെന്നാണ് വിലയിരുത്തൽ.