
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന രോഗങ്ങളിൽ ഒന്നായി മാറി ‘ഫാറ്റി ലിവർ’; 10 പേരെ പരിശോധിച്ചാൽ അഞ്ചുപേർക്കും രോഗം; അപകടകാരിയാണ് ഫാറ്റി ലിവർ; എന്താണ് ചികിത്സ? അറിയാം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗങ്ങളില്‍ ഒന്നായി ഫാറ്റിലിവർ മാറുകയാണ്. ശരാശരി പത്തു പേരെ പരിശോധിച്ചാല്‍ അഞ്ചു പേർക്കും ഫാറ്റി ലിവർ എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു ഇതിൻ്റെ തീവ്രത.
അതിമധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് മുതിർന്നവർ കുട്ടികള്‍ക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്നത്.
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഡ ചേർത്ത സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ മലയാളികള്‍ നിയന്ത്രണമില്ലാതെ അമിതമായി കഴിച്ചുതുടങ്ങിയിതിനാല്‍ ഞെട്ടിപ്പിക്കുന്ന അളവിലാണ് ശരീരത്തിലേക്ക് ഊർജത്തിൻ്റെ അളവ് വന്നു ചേരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയധികം ഊർജം ചെലവഴിക്കാൻ തക്കതായ ശാരീരികപ്രവർത്തനങ്ങള്‍ ഇല്ലതാനും.
ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്ബോള്‍ അധികമായി എത്തുന്ന ഊർജം മുഴുവൻ കൊഴുപ്പായി സൂക്ഷിക്കാൻ ശരീരം നിർബന്ധിതമാകുന്നു. അങ്ങനെയാണ് അമിതഭാരവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമുണ്ടാകുന്നത്.
മുൻകാലങ്ങളില്‍ മദ്യപിക്കുന്നവരില്‍ മാത്രമായിരുന്നു കൂടുതലായും കരള്‍ രോഗങ്ങള്‍ കണ്ടുവരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ത്രീകളിലും കുട്ടികളിലും യുവാക്കളിലുമെല്ലാം രോഗലക്ഷണങ്ങള്‍ വ്യാപകമാവുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
കുട്ടികളിലും യുവാക്കളിലും വ്യാപകമായി കാണുന്ന നോണ്‍-ആള്‍ക്കഹോളിക് ഫാറ്റി ലിവർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലി ആരോഗ്യകരമായ രീതിയില്‍ മാറ്റിയാല്‍ മറ്റ് സങ്കീർണതകളില്ലെങ്കില്‍ സ്വയം ഭേദമാകാൻ കഴിയുന്ന അവസ്ഥയാണിത്.
നമ്മുടെ ശരീരത്തില്‍ കരള്‍ എന്ന അത്ഭുതഅവയവത്തിന് മാത്രമേ ഇങ്ങനെ സ്വയം ഭേദപ്പെടുത്താനുള്ള കഴിവുള്ളൂ. എന്നുകരുതി കരളിന്റെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധകൊടുക്കാതിരുന്നാല്‍ സിറോസിസ്, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും ഇടയുണ്ട്.
എന്താണ് ഫാറ്റിലിവർ?
ജീവിതശൈലീ മാറ്റങ്ങളിലൂടെ രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവർ.
സാധാരണഗതിയില്‍ ഫാറ്റിലിവർ അപകടകാരി അല്ല. എന്നാല്‍, ഒരാള്‍ക്ക് ഫാറ്റിലിവർ എന്ന അവസ്ഥ ഉണ്ടായതിനൊപ്പം ലിവർ ഫംഗ്ഷൻ ടെസ്റ്റില്‍ അപാകതകള്‍ ഉണ്ടാവുകയോ/ കരള്‍ കോശങ്ങള്‍ക്ക് നീർക്കെട്ട് കാണപ്പെടുകയോ ചെയ്താല്‍ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ തന്നെ ഫാറ്റിലിവറിനെ നിസ്സാരവത്കരിച്ച് തള്ളിക്കളയാൻ സാധിക്കില്ല.
രണ്ട് തരത്തിലാണ് ഫാറ്റിലിവർ പ്രധാനമായും കാണപ്പെടുന്നത്. ഇതില്‍ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും മദ്യപിക്കുന്നതിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരില്‍ കാണപ്പെടുന്നതും.
സ്ഥിരമായി മദ്യപിക്കുന്നവരില്‍ മഹാഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് രോഗം തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവർ പ്രത്യക്ഷപ്പെടാം. തുടക്കത്തില്‍ വലിയ ലക്ഷണങ്ങളുണ്ടാകില്ല എന്നതും ഇതിന്റെ സവിശേഷതയാണ്.
എന്തെങ്കിലും സാഹചര്യത്തില്‍ സ്കാനിംഗിനും മറ്റും വിധേയനാകുമ്ബോഴാണ് തിരിച്ചറിയുക. അവസ്ഥ സങ്കീർണ്ണമാകുന്ന സാഹചര്യത്തില്‍ കരളിന് സ്ഥായിയായ കേടുകള്‍ വരുമ്ബോഴാണ് രോഗ ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടുക.
ഫാറ്റിലിവറും സിറോസിസും
ഫാറ്റിലിവർ സിറോസിസിലേക്ക് നയിക്കുമോ എന്ന ചോദ്യം പൊതുവെ എല്ലാവരിലുമുള്ളതാണ്. കരളിനെ ബാധിക്കുന്ന സ്ഥായിയായ കേടുപാടാണ് ലിവർ സിറോസിസ് എന്നത്. എല്ലാ ഫാറ്റിലിവറും സിറോസിസിലേക്ക് നയിക്കണമെന്നില്ല.
എന്നാല്‍, ഫാറ്റിലിവറിനൊപ്പം ലിവർ ഫങ്ഷൻ ടെസ്റ്റില്‍ അപാകതകള്‍ കൂടി വരികയും, കരള്‍ കോശങ്ങള്‍ക്ക് നീർക്കെട്ട് വരികയോ, കരളിന് കട്ടി കൂടി വരികയോ കണ്ടെത്തിയാല്‍ ചിലപ്പോള്‍ സിറോസിസിലേക്ക് നയിക്കാനിടയാക്കിയേക്കാം.
സിറോസിസ് ബാധിതനായി കഴിഞ്ഞാല്‍ കരളിനെ പൂർവ്വ അവസ്ഥയിലേക്ക് പൂർണ്ണമായി എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ സാധ്യത തിരിച്ചറിഞ്ഞാല്‍ ഡോക്ടർമാരുടെ നിർദ്ദേശം പൂർണ്ണമായി അനുസരിച്ച് കരളിനെ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ പരിശ്രമിക്കണം.
ചികിത്സ
ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം, വ്യായാമം എന്നിവയാണ് പ്രധാനമായും നിർദ്ദേശിക്കപ്പെടുക, ഒപ്പം ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദ്ദം, അമിത കൊഴുപ്പ്(കൊളസ്ട്രോള്‍) എന്നിവ നിയന്ത്രിക്കുകയും, ഡോക്ടർ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിൻതുടരുക എന്നതും പ്രധാനമാണ്. മരുന്നുകളില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്.
മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുക. ചുവന്ന ഇറച്ചി ഉള്‍പ്പെടെയുള്ള ചില ഭക്ഷണ പദാർഥങ്ങള്‍ നിർത്തുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. ഡോക്ടർ നിർദ്ദേശിക്കുന്ന അളവില്‍ വെള്ളം കുടിക്കുക, വ്യായാമം പിൻതുടരുക എന്നിവയും നിർബന്ധമാണ്. ഈ കരള്‍ ദിനത്തില്‍ നമ്മുടെ കരളിൻ്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് ശ്രമിക്കാം.
(കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗ്യാസ്ട്രോ സയൻസ് വിഭാഗം ഡോക്ടറാണ് ലേഖിക)