കള്ള പരാതിയുടെ പേരിൽ പോലീസ് പീഡിപ്പിക്കുന്നു; ഗൃഹനാഥനും കുടുംബവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി
സ്വന്തം ലേഖകൻ
കോട്ടയം: കള്ളപരാതിയുടെ പേരിലുള്ള പോലീസ് പീഡനത്തെ തുടർന്ന് ഗൃഹനാഥനും കുടുംബവും കോട്ടയം ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി. ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യുവാണ് എസ്.പിക്ക് പരാതി നൽകിത്. പരാതിയെത്തുടർന്ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭാര്യയോടും ഭാര്യാ സഹോദരിയോടും മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്തതിന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടനിലക്കാരനായ ഷാഹുല്‍ ഹമീദ് മുഖേന ഫ്ലാറ്റ് വാങ്ങുന്നതിന് 36 ലക്ഷം ഉടമക്ക് കൈമാറിയിരുന്നു. ഫ്ലാറ്റ് തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെടുകയുണ്ടായി. അതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് ഇടയാക്കിയത്. വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് ഉച്ചക്ക് സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് രാത്രി എട്ടിനാണ് മടക്കി അയച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി സ്റ്റേഷനിൽ പോയപ്പോൾ സി.ഐ തടഞ്ഞുവെച്ച് മോശമായി പെരുമാക്കുകയായിരുന്നു. പിന്നീട് ഡിവൈ.എസ്.പി ഇടപെട്ടാണ് വിട്ടയച്ചത്. മടങ്ങുന്നതിനിടെ സിഐ ഭാര്യയെ അനുഭവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സണ്ണി മാത്യു പരാതി നൽകിത്.