നാലുവരിപ്പാതയിൽ വീണ്ടും അപകടം: പന്ത്രണ്ടുവയസുകാരനെ ലോറി ഇടിച്ചു തെറിപ്പിച്ചു; പക്ഷേ, പരിക്കൊന്നുമില്ലാതെ രക്ഷപെടുത്തിയത് ആ അദൃശ്യ കൈ

നാലുവരിപ്പാതയിൽ വീണ്ടും അപകടം: പന്ത്രണ്ടുവയസുകാരനെ ലോറി ഇടിച്ചു തെറിപ്പിച്ചു; പക്ഷേ, പരിക്കൊന്നുമില്ലാതെ രക്ഷപെടുത്തിയത് ആ അദൃശ്യ കൈ

സ്വന്തം ലേഖകൻ
കോട്ടയം: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരനെ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ഉയരത്തിൽ പോയ കുട്ടിക്ക് രക്ഷയായത് റോഡിനു നടുവിലെ ഡിവൈഡറിലെ പുൽത്തകിടി. ലോറിയുടെ അടിയിൽ കുടുങ്ങിയ അമ്മയെ പത്തു മീറ്ററോളം ദൂരം വലിച്ചിഴച്ച്ു കൊണ്ടു പോകുകയും ചെയ്തു.
തിരുവനന്തപുരം വട്ടിയൂർക്കാവ് മന്തൻപാറ സിന്ധുഭവനിൽ സിന്ധുകല(45)യും മകൻ അർജുനുമാണ് വൻ ദുരന്തത്തിൽ നിന്നും ആത്ഭുതകരമായി രക്ഷപെട്ടത്. കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ജീവനക്കാരിയാണ് ഇവർ. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ജോലിയ്ക്കു ശേഷം മകനൊപ്പം ഹോട്ടലിൽ നിന്നും സ്‌കൂട്ടറിൽ പുറത്തിറങ്ങിയ ഇവർ ഡിവൈഡർ മുറിച്ച് കടന്ന് ചിങ്ങവനം ഭാഗത്തേയ്ക്കു പോകുന്നതിനായി വാഹനം തിരിച്ചു. ഇതിനിടെ അമിത വേഗത്തിൽ കോട്ടയം ഭാഗത്തു നിന്നും എത്തിയ മിനി ലോറി ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു. വായുവിൽ മീറ്ററുകളോളം ഉയർന്നു നിന്ന അർജുൻ തെറിച്ചു വീണത് ഡിവൈഡറിനു നടുവിലെ പുൽത്തകിടിയിലേയ്ക്കാണ്. ഒരു പോറൽ പോലും ഏൽക്കാതെ ചാടി എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത്, അമ്മയും സ്‌കൂട്ടറും ലോറിയുടെ മുന്നിൽ കുടുങ്ങി നിരങ്ങി റോഡിലൂടെ നീങ്ങുന്നതാണ്. പത്തു മീറ്ററോളം സിന്ധുവിനെയുമായി മുന്നോട്ട് പോയ ശേഷമാണ് ലോറി നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതേ ലോറിയിൽ തന്നെ സിന്ധുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഭാഗ്യംകൊണ്ടു മാത്രം ഇവർക്കു കാര്യമായ പരിക്കും ഏറ്റിട്ടില്ല. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ഇരുവരും ആശുപത്രി വിട്ടു.