
സ്വന്തം ലേഖകൻ
കാക്കനാട്∙ തൃക്കാക്കര വള്ളത്തോൾ ജംക്ഷനിലെ ‘റിങ്സ് പ്രമോസ് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയുടെ ലാഭ വിഹിതം നൽകാമെന്നു പറഞ്ഞു ഒട്ടേറെ പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ ചേരാനല്ലൂർ എടയപ്പുറം അറയ്ക്കൽ ജെയ്സൺ ജോയ് (42), സഹോദരനും ഡയറക്ടറുമായ ജാക്സൺ ജോയ് (39), ജീവനക്കാരൻ മാവേലിക്കര താമരക്കുളം കുറ്റിയിൽ ഷിനാജ് ഷംസുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്.
നിക്ഷേപം കൊണ്ടു വിവിധ ബിസിനസുകളും ഓൺലൈൻ ഇടപാടുകളും നടത്തി ലാഭ വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഏറെനാൾ കാത്തിരുന്നിട്ടും ലാഭ വിഹിതം കിട്ടാതിരുന്ന നിക്ഷേപകർ കമ്പനി അധികൃതരെ സമീപിച്ചപ്പോൾ കമ്പനിയുടെ ഉൽപന്നങ്ങൾ വിൽക്കുന്ന ഫ്രാഞ്ചൈസികൾ ആയാൽ മാത്രമേ ലാഭ വിഹിതം നൽകാനാകൂവെന്നായിരുന്നു മറുപടി.
പണം നഷ്ടപ്പെട്ടവരിൽ പലരും മറ്റു മാർഗമില്ലാതെ കടമുറികൾ വാടകയ്ക്കെടുത്തു ഫ്രാഞ്ചൈസികൾ തുടങ്ങി. മുറിയുടെ വാടക നൽകാമെന്ന് പറഞ്ഞെങ്കിലും അതും ലഭിച്ചില്ല. ഫ്രാഞ്ചൈസികളിലേക്ക് വിൽപനക്കായി എത്തിച്ച മാട്ടിറച്ചി ഗുണനിലവാരമില്ലാത്തതിനാൽ വാങ്ങിയവർ തിരികെ നൽകി. പരാതിയുമായി ഫ്രാഞ്ചൈസി നടത്തിപ്പുകാർ കമ്പനി അധികൃതരെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നു പറഞ്ഞു ചില ഫ്രാഞ്ചൈസി നടത്തിപ്പുകാർക്കെതിരെ വക്കീൽ നോട്ടിസും അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.വി.ബേബി, ഇൻസ്പെക്ടർ ആർ.ഷാബു, എസ്ഐമാരായ എൻ.ഐ.റഫീഖ്, ധർമജൻ, സിവിൽ പൊലീസ് ഓഫിസർമാരായ നൗഷാദ്, വൈശാഖ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. സ്ഥാപനത്തിൽ നിന്ന് കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാമഗ്രികളു രേഖകളും പിടിച്ചെടുത്തു.







