അജ്ഞാതരുടെ വിഡിയോ കോൾ വരുമ്പോൾ രണ്ടു വട്ടം ആലോചിക്കൂ; നിങ്ങൾ ചതിക്കപ്പെട്ടേക്കാം;മോർഫിംങ് നടത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം


സ്വന്തം ലേഖകൻ

കോട്ടയം: അജ്ഞാതരുടെ വീഡിയോകോൾ വരുമ്പോൾ രണ്ടു വട്ടം ആലോചിച്ചേ ഫോണെടുക്കാവൂ.

വീഡിയോകോള്‍ ചെയ്‌ത്‌ മോര്‍ഫിങ്‌ നടത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം.

ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിലൂടെയും വാട്‌സ്‌ ആപ്പിലൂടെയുമൊക്കെയാണ്‌ വീഡിയോകോള്‍ വരുന്നത്‌. വിളിക്കുന്നയാള്‍ക്ക്‌ പകരം സ്‌ത്രീയുടെ നഗ്‌നദൃശ്യമാണ്‌ പ്രത്യക്ഷപ്പെടുക. കോള്‍ എടുത്തുകഴിഞ്ഞാലുടന്‍ റിക്കോര്‍ഡ്‌ ചെയ്യുകയും മുഖം മറ്റേതെങ്കിലും അശ്ലീല വീഡിയോയുമായി ചേര്‍ത്ത്‌ മോര്‍ഫ്‌ ചെയ്‌ത്‌ സെക്‌സ്‌ വീഡിയോചാറ്റ്‌ എന്ന രീതിയിലാക്കുകയുമാണ്‌ സംഘം ചെയ്യുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്‌ ഫെയ്‌സ്‌ബുക്കില്‍ ഫ്രണ്ട്‌ ലിസ്‌റ്റിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അയച്ചുകൊടുക്കുമെന്ന്‌ പറഞ്ഞാണ്‌ ഭീഷണി. സംസ്ഥാനത്ത് നിരവധി ആളുകള്‍ക്കാണ്‌ ഇത്തരത്തില്‍ പണം നഷ്‌ടമായത്‌.

സുനിത ശര്‍മ, നിധി ശര്‍മ, പ്രിയാന്‍ഷി സിങ്‌, മായാ ഭട്ട്‌ തുടങ്ങിയ പേരുകളിലുള്ള വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌. ആദ്യഘട്ടമായി ഇവര്‍ പുരുഷന്മാരുടെ പേരില്‍ വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകള്‍ ആരംഭിച്ച്‌ ഓരോ പ്രദേശത്തെയും പരമാവധി ആളുകളെ സൗഹൃദ വലയത്തില്‍ കണ്ണികളാക്കും.
പിന്നീട്‌ കുറച്ചുനാളുകള്‍ക്കുശേഷം ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിന്റെ പേര്‌ മാറ്റിയാണ്‌ തട്ടിപ്പ്‌ ആരംഭിക്കുന്നത്‌.

കട്ടപ്പന സ്വദേശിക്ക്‌ ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറില്‍ കഴിഞ്ഞ ദിവസം വീഡിയോകോള്‍ വരുകയും നിമിഷങ്ങള്‍ക്കകം മുഖം മറ്റൊരു അശ്ലീല വീഡിയോയുമായി ചേര്‍ത്ത്‌ മോര്‍ഫ്‌ ചെയ്‌ത്‌ സെക്‌സ്‌ വീഡിയോചാറ്റ്‌ എന്ന രീതിയിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇദ്ദേഹം സംഭവം ചില സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ്‌ നിരവധിപേര്‍ ഇത്തരത്തില്‍ ബ്ലാക്ക്‌മെയിലിങ്ങിന്‌ വിധേയമായതായി അറിയുന്നത്‌. വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ വേണമെന്നാണ്‌ കട്ടപ്പന സ്വദേശിയോട്‌ ആവശ്യപ്പെട്ടത്‌. വീഡിയോ കോള്‍ അറ്റന്‍ഡ്‌ ചെയ്‌താല്‍ ആദ്യം കാണുക അശ്ലീല ദൃശ്യമാണ്‌.

ഉടന്‍ കട്ടുചെയ്‌താലും അല്‍പം കഴിയുമ്ബോള്‍ മോര്‍ഫ്‌ ചെയ്‌ത വീഡിയോ മെസഞ്ചറിലെത്തും. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ളവരുടെ ഫേസ്‌ബുക്കിലേക്കും വാട്‌സ്‌ ആപ്പിലേക്കും വീഡിയോ അയച്ചുകൊടുക്കുമെന്നുമാണ്‌ ഭീഷണി.

കോവിഡ്‌കാലത്ത്‌ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായതോടെയാണ്‌ കേസുകള്‍ കൂടുന്നത്‌. പ്രഫഷണലുകള്‍, ബിസിനസുകാര്‍ എന്നിവരെയാണ്‌ തട്ടിപ്പുസംഘം കൂടുതലും ലക്ഷ്യംവയ്‌ക്കുന്നത്‌. അധികവും ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട്‌ കാര്യങ്ങള്‍ മനസിലാക്കിയ ശേഷമാണ്‌ തട്ടിപ്പുനടത്തുന്നത്‌.

ഡല്‍ഹി, പശ്‌ചിമബംഗാള്‍, ബിഹാര്‍, രാജസ്‌ഥാന്‍ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ്‌ ഈ തട്ടിപ്പുകള്‍ക്ക്‌ പിന്നിലെന്നാണ്‌ സൂചന.
വ്യാജ ഐ.ഡി.കളാണ്‌ ഇതിനുപയോഗിക്കുന്നത്‌. മാത്രമല്ല പലരുടെയും പേരില്‍ വ്യാജ ഐഡികള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്‌.

മാനക്കേടു ഭയന്ന്‌ പലരും നഷ്‌ടപ്പെട്ട തുക പുറത്തുപറയാനോ നിയമനടപടിയുമായി മുന്നോട്ടു പോകാനോ തയാറാകാത്തതാണ്‌ ഇത്തരക്കാര്‍ക്ക്‌ സഹായകരമാകുന്നത്‌.