Spread the love

രജൗരി : ജമ്മു കശ്മീരിൽ ഉണ്ടായ സ്‌ഫോടനത്തിൽ ജവാന്മാർക്ക് പരിക്ക്. രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്കാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിൽ പട്രോളിങ്ങിനിടെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ നിരീക്ഷണത്തിലാണ്. അപകടത്തിൽപ്പെട്ട മൂന്ന് ജവാന്മാരെയും ഓഫീസറെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

video
play-sharp-fill

നുഴഞ്ഞുകയറ്റങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലും അതിര്‍ത്തിയോടടുത്ത മേഖലകളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. ഇവ ചില സമയങ്ങളില്‍ മഴയില്‍ ഒഴുകി പോവുകയും ഇത്തരം അപകടങ്ങള്‍ക്ക് കാരണാകുകയും ചെയ്യുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞാഴ്ച കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ അപ്രതീക്ഷിത സ്‌ഫോടനത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. കമാല്‍കോട്ടിലേക്ക് സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം.