
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ ഭർത്താവിനൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഐടി പ്രൊഫഷണലായ പി. രാധ ഗായത്രി(27) ആണ് മരിച്ചത്. ഗുഡ്ഗാവിലെ ഒരു ഐടി കമ്പനിയിൽ ജോലിചെയ്തിരുന്ന ഗായത്രി, ഭർത്താവ് സൗമ്യ ശ്രീചരണിനൊപ്പമാണ് വിനോദയാത്രയ്ക്കായി മസ്സൂറിയിൽ എത്തിയത്. ജൂൺ 14-ന് രാത്രി വൈകിയാണ് ഇവർ തിപ്രിധറിലുള്ള കിയാന ഹോംസ്റ്റേയിൽ എത്തിയതെന്ന് പോലീസ് അറിയിച്ചു.
ഹോംസ്റ്റേയിലെ ‘ബ്ലിസ്’ എന്ന മുറിയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. രാത്രിയിൽ ഇരുവരും മദ്യപിച്ചശേഷം പുലർച്ചെ 3:30-ഓടെയാണ് ഉറങ്ങാൻ കിടന്നതെന്ന് ഭർത്താവ് പോലീസിന് മൊഴി നൽകി. എന്നാൽ, രാവിലെ ഉണർന്നപ്പോൾ ഭാര്യയെ വസ്ത്രങ്ങളില്ലാത്ത നിലയിൽ മുറിയിലെ നിലത്ത് വീണുകിടക്കുന്നതായാണ് കണ്ടത്. മൂക്കിൽനിന്ന് രക്തം ഒലിച്ച നിലയിലായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ വിരിപ്പുകളിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. മുറിയിൽനിന്ന് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ഗായത്രിയും സൗമ്യയും 2025 നവംബർ എട്ടിനാണ് വിവാഹിതരായത്. ഗായത്രി ഡൽഹിയിലെ കിദ്വായ് നഗർ ഈസ്റ്റിലാണ് താമസിച്ചിരുന്നത്. ഭർത്താവ് സൗമ്യ ശ്രീചരൺ പുണെയിലാണ് ജോലിചെയ്യുന്നത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗായത്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിദഗ്ധരായ ഡോക്ടർമാരുടെ പാനൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും അത് ക്യാമറയിൽ ചിത്രീകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.







