
ആലപ്പുഴ: തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
വിമർശനങ്ങള്‍ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്‌എൻഡിപിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.
സാമൂഹിക യാഥാർഥ്യങ്ങള്‍ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണികള്‍ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാള്‍ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ.ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും തനിക്കെതിരെ വിധിയില്ല. നിരവധി കേസുകള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്‌എന്‍ഡിപി യോഗം നടത്തുണ്ട്.
എന്നാല്‍ ഒരു കേസിലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു. ചില മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും കേസ് തോല്‍ക്കുമ്പോള്‍ വഴിയില്‍ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ചില ദൃശ്യമാധ്യമങ്ങള്‍ അതിനെ അജണ്ടയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകള്‍ കണ്ട് സമുദായാംഗങ്ങള്‍ ചിരിക്കുകയാണ്. ചാനല്‍ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമ്മമെന്നും അദ്ദേഹം ചോദിച്ചു.
അധമ മാധ്യമപ്രവർത്തനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി യോഗനാദം എഡിറ്റോറിയലില്‍ വ്യക്തമാക്കി.







