Spread the love

കോട്ടയം: മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നവർക്കെതിരേ നടപടിയുമായി ഏറ്റുമാനൂർ പോലീസ്. ഇത്തരത്തിൽ മദ്യപിച്ച് കുടുംബപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ പറയാറുണ്ടെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ അബ്ദുൽ പറഞ്ഞു.

video
play-sharp-fill

കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൂടിവരികയാണ്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ മാത്രം ഈ വർഷം ജനുവരി ഒന്നുമുതൽ മാർച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചത്. ഇതിൽ അഞ്ഞുറിനടുത്ത് കുടുംബപ്രശ്നങ്ങളായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റിൽ ചാടി മരിച്ച അഭിഭാഷക ജിസ്മോൾ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

”ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി ഒന്ന് മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽത്തന്നെ കൂടുതൽ, അതിൽ അഞ്ഞൂറിനടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു പത്തുശതമാനമടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8 മണിക്ക് ശേഷം ഒപ്പിടൽ.

ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ലെങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സർ, ഒപ്പിടിൽ നിർത്തിക്കോ. ഇതുപോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തിയാണ് ഏറ്റുമാനൂർ പോലീസുകാർ നൂറുകണക്കിന് ആത്മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ രണ്ട് മാസംമുൻപ് ചിതറിത്തെറിച്ച ഷൈനിയും രണ്ടു കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കിവെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ സിദ്രുവിന്റെയും അയനയുടേയും മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ടു കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ”- അൻസൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

”ഒരിക്കൽ ഒപ്പിടാൻ വന്നാൽ പിന്നൊ അധികം പ്രശ്നമുണ്ടാക്കാൻ നിൽക്കില്ല. ഒപ്പിടാൻ വരിക എന്നാൽ മെനക്കെട്ട പരിപാടിയാണ്. വരാൻ തന്നെ ബുദ്ധിമുട്ടാണ്. ഒപ്പിടാൻ വരേണ്ടതുകൊണ്ട് തന്നെ അധികമാരേയും ഉപദ്രവിക്കാതെ ഒരെണ്ണം അടിച്ച് കിടന്നുറങ്ങിക്കൊള്ളും”, അദ്ദേഹം കൂട്ടിച്ചേർത്തു.