
സ്വന്തം ലേഖകൻ
എരുമേലി:മത സാഹോദര്യവും ഭക്തിയും നിറഞ്ഞ ചന്ദനക്കുട മഹോത്സവത്തിനും അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനും എരുമേലിയില്‍ ഒരുക്കമായി.
ജമാഅത്തും ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കം പൂര്‍ത്തിയാക്കി. വാവരുപള്ളിയും ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ചന്ദനക്കുട മഹോത്സവം ആരംഭിക്കുന്നത്. 6.30ന് മന്ത്രി വി.എന്‍. വാസവന്‍ ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
രാത്രിയെ പകലാക്കി എരുമേലിയുടെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ചന്ദനക്കുടം ബുധനാഴ്ച പുലര്‍ച്ച പള്ളിയങ്കണത്തില്‍ തിരിച്ചെത്തുന്നതോടെ ചന്ദനക്കുട മഹോത്സവത്തിന് കൊടിയിറങ്ങും. ഇതോടെ പേട്ടതുള്ളലിനുള്ള ഒരുക്കങ്ങളാകും എരുമേലിയില്‍.
ബുധനാഴ്ച രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുന്നതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട ആരംഭിക്കും. വര്‍ണങ്ങള്‍ വാരിവിതറി വാവരുപള്ളിയില്‍ എത്തുന്ന സംഘത്തെ ജമാഅത്തിന്‍റെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കും.
തുടര്‍ന്ന് പള്ളിയെ വലംവെച്ച് വാവരുപ്രതിനിധിയുമായി സംഘം വലിയമ്പലത്തില്‍ എത്തുന്നതോടെ അവസാനിക്കും.
പകല്‍ വെളിച്ചത്തില്‍ നക്ഷത്രത്തെ കാണുന്നതോടെ ആലങ്കാട്ട് സംഘത്തിന്‍റെ പേട്ട കൊച്ചമ്പ ലത്തില്‍നിന്ന് ആരംഭിക്കും.
വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ താളാത്മക നൃത്തച്ചുവടുകളോടെ വലിയമ്പലത്തില്‍ പ്രവേശിക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ എരുമേലി പേട്ടതുള്ളല്‍ അവസാനിക്കും.







