
എരുമേലി: നാട്ടുകാര്‍ കാത്തിരുന്ന വിമാനത്താവള സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷം ആഗസ്റ്റില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എല്ലാ നടപടികളും അനുകൂലമായാല്‍ 2026 ആഗസ്റ്റില്‍ പണിയാരംഭിച്ച് 2029ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാകും എന്നാണ് കണക്കുകൂട്ടല്‍. ശബരിമല തീര്‍ഥാടന കേന്ദ്രത്തിനടുത്തുള്ള വിമാനത്താവളം പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെ കുറവും യാത്രാസൗകര്യങ്ങളുടെ പരിമിതിയും അനുഭവിച്ച എരുമേലിയിലെ ജനങ്ങള്‍ക്ക് ഇത് വലിയ മാറ്റത്തിന്റെ തുടക്കമാകുമെന്നാണ് വിലയിരുത്തല്‍. വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും പുതിയ വാതിലുകള്‍ തുറക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.
എന്നാല്‍ പദ്ധതിയുടെ പുരോഗതിക്ക് ചില നിയമതടസ്സങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് മറികടക്കാനകുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവാണ് പ്രധാന തടസം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
അനുകൂല വിധി ലഭിക്കുമെങ്കില്‍ നിര്‍മാണം വേഗത്തില്‍ ആരംഭിക്കാനാകും. പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലില്‍ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി പരിഗണനയില്‍ സ്വീകരിച്ചിരിക്കുകയാണ്. അന്തിമ വിധി വരുന്നത് വരെ നടപടികള്‍ നിലവിലെ നിലയില്‍ തുടരും.
ഇതിനിടെ, ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ പാലാ സബ് കോടതിയുടെ വിധി എസ്റ്റേറ്റ് ഉടമകളായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന് അനുകൂലമായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം കോടതിയില്‍ നിക്ഷേപിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.







