ഞായറാഴ്ച ഉച്ചയ്ക്ക് ഈരയിൽക്കടവിലൂടെ പോയവർ സൂക്ഷിക്കുക..! ഈരയിൽക്കടവിൽ ഇന്റർസെപ്റ്ററിറങ്ങി..! ഇനി അമിത വേഗക്കാർക്കും റോഡിനെ റേസിംങ് ട്രാക്കാക്കുന്നവർക്കും നല്ലകാലം; വീഡിയോ റിപ്പോർട്ട് കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിൽ റോഡിൽ ഷോകാട്ടുന്നവർക്കും, അമിത വേഗത്തിൽ പായുന്നവർക്കും ഇന്റർസെപ്റ്ററിന്റെ മൂക്കുകയർ. ഈരയിൽക്കടവ് റേസിംങ് ട്രാക്കാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് ഇവിടേയ്ക്കു ഇന്റർസെപ്റ്റർ വാഹനം അയച്ചത്. വീഡിയോ റിപ്പോർട്ട് കാണാം

മൂന്നു കിലോമീറ്റർ ദൂരത്തിൽ മണിപ്പുഴ മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെയുള്ള റോഡാണ് റേസിംങ് പ്രേമികളുടെയും സ്റ്റണ്ടൻമാരുടെയും വേദിയായി മാറിയിരിക്കുന്നത്. റോഡിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് ഇത്തരത്തിൽ അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നതും സ്റ്റണ്ടിംങും മറ്റും നടക്കുന്നത്.

നേരത്തെ പൊലീസ് കൃത്യമായ ഇടവേളകളിൽ ഈരയിൽക്കടവ് റോഡിലെത്തി പരിശോധന നടത്തുമായിരുന്നു. എന്നാൽ, പൊലീസ് എത്തുന്നത് മനസിലാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും കാവലിന് ആളുകളെ നിർത്തിയ ശേഷമായിരുന്നു ബൈക്കിലുള്ള അഭ്യാസ പ്രകടനങ്ങൾ.

ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണമാണ് ഇന്റർസെപ്റ്റർ വാഹനം ഈരയിൽക്കടവിൽ പരിശോധനയ്ക്കായി എത്തിയത്. ഞായറാഴ്ചയാണ് ഈരയിൽക്കടവിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ സ്റ്റണ്ടിങിനായി എത്തുന്നതെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം ഞായറാഴ്ച ഉച്ചയോടെ ഇന്റർസെപ്റ്ററുമായി ഈരയിൽക്കടവ് റോഡിൽ എത്തിയത്.

ഈരയിൽക്കടവ് റോഡിൽ ഇന്റർസെപ്റ്റർ കാവലുണ്ടെന്ന വിവരം അറിയാതെ പതിവ് പോലെ അമിത വേഗത്തിൽ പാഞ്ഞത്തെയിവർ ഇന്റർസെപ്റ്ററിന്റെ വലയിൽ വീണിട്ടുണ്ട്. ഇവരുടെയെല്ലാം വീട്ടിൽ വരും ദിവസങ്ങളിൽ പൊലീസിന്റെ നോട്ടീസ് എത്തും. പിഴ അടയ്ക്കാനുള്ള ഉത്തരവുമായി..!