ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍; പതിനാറ് ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കേന്ദ്രം; പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതിയുടെ അതിനിര്‍ണായക വിധി ഇന്ന്; ആകാംക്ഷയോടെ ലക്ഷക്കണക്കിന് ജീവനക്കാര്‍
സ്വന്തം ലേഖകന്‍
ദില്ലി: പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതിയുടെ അതിനിര്‍ണായക വിധി ഇന്നെത്തും. ലക്ഷക്കണക്കിന് ജീവനക്കാരാണ് പിഎഫ് പെന്‍ഷന്‍ വിധി എന്താകുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് പതിനൊന്നിന് ആറ് ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംപ്ലോയ്‌മെന്റ് പെന്‍ഷന്‍ സ്‌കീമീല്‍ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം. പിഎഫില്‍ നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അവസരം കിട്ടി.
പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്‍ഷന്‍ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
അതേസമയം, ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെന്‍ഷന്‍ നല്‍കിയാല്‍ പിഫ് ഫണ്ട് ഇല്ലാതെയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പിഫ് ഫണ്ട് പദ്ധതിയിലും പെന്‍ഷന്‍ പദ്ധതിയിലും നിക്ഷേപം രണ്ടായി കാണണം, പി എഫ് ഫണ്ട് ബാങ്കുകളുടെ നിക്ഷേപ സ്വഭാവമുള്ള സംവിധാനമാണ്. എന്നാല്‍ പെന്‍ഷന്‍ ഫണ്ട് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിയാണ്. പിഎഫ് ഫണ്ടിന്റെ പ്രവര്‍ത്തനം മോശമായ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും പതിനാറ് ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കേന്ദ്രം വാദിക്കുന്നു.
പെന്‍ഷന്‍ ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണെന്നും ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. പെന്‍ഷന്‍ കണക്കാക്കുന്നതിന് അവസാന 12 മാസത്തിനു പകരം അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയത് ശമ്പളക്കുറവ് പ്രതിഫലിക്കാതെയിരിക്കാനാണ്.