
കോട്ടയം : ‘ഈ പെരുമണ്ടന്റെ കുടുംബമാണോ ട്രാവൻകൂർ ഭരിച്ചത്’ എന്ന നിലയിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിനെതിരെ നടൻ വിനായകൻ നടത്തിയ പരാമർശം കേരളത്തിന് തന്നെ അപമാനകരമാണെന്ന് ബിജെപി നേതാവ് എൻ.ഹരി. അപകീർത്തികരവും നിന്ദ്യവുമായ ഭാഷയിൽ കേരളം ആദരവോടെ കാണുന്ന രാജകുടുംബത്തിനെതിരെ പരാമർശം നടത്താനുള്ള ധാർമികത വിനായകന് ഇല്ല. വിനായകന്റെ പല നിലപാടുകളും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും പ്രകോപനപരമാണെന്നും എൻ ഹരി പറഞ്ഞു.
തിരുവിതാംകൂർ രാജകുടുബാംഗത്തെ വളരെ മോശമായ ഭാഷയിലാണ് വിനായകൻ അവഹേളിക്കുന്നത്. ചിത്രം സഹിതം ഉള്ള വ്യക്തിഹത്യാപരമായ പരാമർശങ്ങൾ നടത്തുമ്പോൾ അതിന് അടിസ്ഥാനം ഉണ്ടാവണം. ആരെയും അവഹേളിക്കാനുള്ള ലൈസൻസ് വിനായകന് കേരളം നൽകിയിട്ടില്ല. എന്തെങ്കിലും കേസുകളിലോ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളോ പ്രസ്തുത വ്യക്തിക്കെതിരെ ഇതുവരെയില്ല. അങ്ങനെയിരിക്കെ അർദ്ധരാത്രിയിലെ വെളിപാടിൽ വിനായകൻ്റെ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് എതിർക്കപ്പെടേണ്ട പ്രവണതയാണ്. വ്യക്തിഹത്യ നടത്താനായി മാത്രം പൊതു മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ല.
“അമ്പലം കട്ടും ഓസ്ടിച്ചും കുടുംബം പോറ്റുന്നെന്ന് പറയാതെ പണിക്കു പോടാ മക്കുണാ ” എന്ന തരത്തിലുള്ള അങ്ങേയറ്റം നിന്ദ്യാപരമായ പരാമർശമാണ് വിനായകൻ നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വിനായകന്റെ മനോനില പരിശോധിക്കുന്നതിനും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപടി ഉണ്ടാകണം. മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ വരെ അഴിഞ്ഞാടിയതിന് ഉൾപ്പെടെ നിയമ നടപടികൾക്ക് വിധേയനായ നടൻ വിനായകനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കുകയും വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്തും എറണാകുളത്തും പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ പേക്കൂത്ത് കാണിച്ചതിന് വിനായകൻ പോലീസ് നടപടിക്ക് വിധേയമായിട്ടുണ്ട്. കൂടാതെ പലപ്പോഴും ഇതര പരാതികൾ ചലച്ചിത്ര മേഖലയിൽ നിന്നുതന്നെ ഉയർന്നു വന്നിട്ടുണ്ടെന്നും എൻ ഹരി കൂട്ടിച്ചേർത്തു.







