
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് അകത്തള ചർച്ചകൾ കടുപ്പമാകുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ നിന്ന് പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നതായി റിപ്പോർട്ട്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രവർത്തകർ ഔദ്യോഗിക ഇമെയിലുകളിലേക്ക് വ്യാപകമായി സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് 99 ശതമാനം സാധ്യതയുണ്ടെന്നാണ് കെസി പക്ഷ നേതാക്കളുടെ അവകാശവാദം. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാട് രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നും ആറുമാസത്തിനകം സർക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ജനപിന്തുണ ഉറപ്പാക്കാനാകുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചെന്നാണ് സൂചന.
തിരുവനന്തപുരം ജില്ലയിൽ സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിന്റെ ഫ്ളക്സുകൾ കീറിയ സംഭവവും പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചിത്രവും നശിപ്പിച്ചുവെന്ന വിമർശനവും ഉയരുന്നുണ്ട്. ഹൈക്കമാൻഡ് നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും കെസി പക്ഷം ഉന്നയിക്കാനൊരുങ്ങുന്നു. അതേസമയം, എംഎൽഎമാരുടെ എണ്ണം മാത്രം കണക്കാക്കരുതെന്നും മുന്നണി ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







