
തിരുവനന്തപുരം: വോട്ടർമാരെ കുഴപ്പിക്കാൻ അപരപ്പട.കേരളത്തിലെ പല മണ്ഡലങ്ങളിലും അപരന്മാർ രംഗത്തിറങ്ങുന്നത് പതിവ് കാഴ്ചയാണ്.
മന്ത്രി മുഹമ്മദ് റിയാസ്, പി.വി. അൻവർ, ജി. സുധാകരൻ തുടങ്ങിയ പ്രമുഖരെല്ലാം ഇത്തവണ അപരഭീഷണി നേരിടുന്നുണ്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അൻവറിനെതിരെ നാല് അപരന്മാരുണ്ട്. അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ അത് വലിയ വെല്ലുവിളിയാകും.
എൽഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകൻ തന്നെ അപരനായി എത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ അപര സ്ഥാനാര്‍ത്ഥിത്വം. പാതിരപ്പള്ളി സ്വദേശിയായ വികെ സുധാകരനാണ് പത്രിക നൽകിയത്. വിഎസ് അച്യുതാനന്ദൻ പക്ഷക്കാരനായ വികെ സുധാകരൻ മുൻപ് പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം പിന്നീട് ചെത്തു തൊഴിലാളി യൂണിയനിൽ സജീവമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പികെ ശശിക്കെതിരെ അതേ പേരിൽ തന്നെയുള്ള അപരൻ പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിനും അപരനുണ്ട്. കെ. പ്രേമദാസൻ എന്ന പേരിൽ ആണ് ഇവിടെ ഒരാൾ പത്രിക സമർപ്പിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന് വെല്ലുവിളിയായി പേരിനോട് സാമ്യമുള്ള തോമസ് എഎ ഇരിങ്ങാലക്കുടയിൽ പത്രിക നൽകിയിട്ടുണ്ട്.
സ്ഥാനാർത്ഥികളുടെ പേരിനോടുള്ള സാമ്യം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്ന തന്ത്രമാണിത്. പലപ്പോഴും വിജയപരാജയങ്ങൾ നിശ്ചയിക്കുന്ന കുറഞ്ഞ വോട്ടുകൾ ഇത്തരം അപരന്മാർ പിടിച്ചെടുക്കാറുണ്ട്.
അതിനാൽ, വോട്ടർമാർക്ക് തങ്ങളുടെ ചിഹ്നവും ബാലറ്റിലെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി കൊടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ പരിശ്രമം തന്നെ നടത്തേണ്ടി വരും.









