
തെരഞ്ഞെടുപ്പ് കഴിഞ്ഞു, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ മടക്കികൊണ്ടുവരാന്‍ മാത്രം നടപടിയായില്ല; കോവിഡ് രൂക്ഷമായതോടെ കുടുംബവും കുട്ടികളേയും വരെ കാണാനാകാതെ പോലിസ് ഉദ്യോഗസ്ഥർ നാലും അഞ്ചും ജില്ലകൾക്കപ്പുറത്ത് പണിയെടുക്കുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു. രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ ഇതുവരെയും നടപടിയായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ. റാങ്ക് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനു മുമ്പ് മറ്റ് ജില്ലകളിലേക്കു മാറ്റിയത്. സ്വന്തം ജില്ലകളില്‍ ഉള്ളവര്‍ അതേ സ്ഥലത്ത് ജോലിചെയ്യാന്‍ പാടില്ലെന്നുള്ള നിയമപ്രകാരമാണ് സ്ഥലംമാറ്റം.
എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചിട്ടും ഇവര്‍ക്ക് തിരിച്ച് സ്ഥലംമാറ്റം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നാണ് പരാതി. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പലര്‍ക്കും താമസസ്ഥലം പോലും ലഭിക്കുന്നില്ല.
മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഴ്ചകളായി വീട്ടിലേക്കു വരാന്‍പോലുമാകാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.
സാധാരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് നേരത്തെയുണ്ടായിരുന്ന ജില്ലയിലേക്ക് തിരികെ നല്‍കാറുണ്ട്. എന്നാല്‍, ഇത്തവണ ഇത് നീണ്ടുപോവുകയാണ്.
താത്കാലിക മാറ്റമായതിനാല്‍ പലരും താത്കാലികമായാണ് താമസസൗകര്യം അടക്കം ഒരുക്കിയത്. എന്നാല്‍, ഇപ്പോള്‍ കോവിഡ് രൂക്ഷമായതോടെ താമസസ്ഥലം അടക്കം കിട്ടാത്ത സ്ഥിതിയാണ്.
ഭക്ഷണത്തിനും പലരും ബുദ്ധിമുട്ടുന്നുണ്ട്. കോവിഡ് പരിശോധനകളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ജോലിചെയ്യുന്നവര്‍ അതത് സ്റ്റേഷനുകളില്‍ തന്നെ തുടരട്ടെയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് പോലീസ് അധികൃതരും കരുതുന്നത്.