
ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്തവരെ വിമർശിച്ച് സിപിഎം നേതാവ് എം. എം. മണി. യുഡിഎഫിന് വോട്ട് ചെയ്ത ആളുകള്‍ വിഡ്ഢികളാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇടത് മുന്നണിക്ക് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതലത്തില്‍ ഉണ്ടായ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഇടുക്കിയിലും പ്രതിഫലിച്ചതെന്നും എം എം മണി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചുവെന്ന കാര്യം നിഷേധിക്കാനാകില്ലെന്നും എന്നാല്‍ അതില്‍ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്നും സിപിഎം തിരഞ്ഞെടുപ്പ് മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണെന്നും എം എം മണി പറഞ്ഞു.
സംസ്ഥാനതലത്തില്‍ ഉണ്ടായ തിരിച്ചടിയാണ് ഇടുക്കിയിലും ഉണ്ടായതെന്നും ഉടുമ്പഞ്ചോലയിലെ പ്രത്യേക സാഹചര്യമല്ല ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയ പാര്‍ട്ടിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ഇനി അവർ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണെന്നും എം എം മണി പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







