
ലൈഫ് മിഷനിൽ നിന്ന് ലഭിച്ച വയോധികയുടെ പണം കവര്‍ന്നു; സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ
സ്വന്തം ലേഖകൻ
കൊല്ലം: വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ ലൈഫ് മിഷന്‍ തുകയുമായി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് വയോധികയുടെ പണം കവര്‍ന്നു. കൊല്ലം ജില്ലയിലെ താമരക്കുടി പണ്ടാരത്തുവീട്ടില്‍ ഭവാനിയമ്മയുടെ കയ്യില്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍നിന്നുമാണ് പണം കവര്‍ന്നത്. കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതോടെ വീടെന്ന സ്വപ്‌നമാണ് ഭവാനിയമ്മയ്ക്ക് ഇല്ലാതായത്.
ഭവാനി അമ്മയ്ക്ക് വലിയ ആശ്വാസമായിരുന്നു ലൈഫിന്റെ വീടനുവദിച്ചത് .വീടുവാര്‍പ്പിനായി അന്‍പതിനായിരം കരാറുകാരന് നല്‍കാനായി ബാങ്കില്‍ നിന്നും ഇരുപത്തയ്യായിരവും, ചെങ്ങമനാട് ബാങ്കില്‍പോയി എടുത്ത തൊഴിലുറപ്പ് കൂലിയും, ഒരാള്‍ സഹായിച്ച ഇരുപതിനായിരവും ഉള്‍പ്പെടെയാണ് മോഷണം പോയത്. പെന്‍ഷന്‍ വാങ്ങാനായി ബാങ്കിലെത്തി പാസ്സ് ബുക്ക് എടുത്തപ്പോഴാണ് പണം കളവുപോയ വിവരം ഭവാനിയമ്മ അറിയുന്നത് . പണം സൂക്ഷിച്ച സഞ്ചി ബ്ലേഡ് ഉപയോഗിച്ച് കീറിയിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലുറപ്പു ജോലിയെടുത്തും, അയല്‍വീടുകളില്‍ ജോലിചെയ്തുമാണ് ഭവാനിയമ്മയും മകനും ജീവിക്കുന്നത്. പ്ലാസ്റ്റിക് മൂടിയ ഷെഡ്ഡിനുള്ളിലാണ് മകന്‍ തുളിസിക്കൊപ്പം വര്‍ഷങ്ങളായി താമസിക്കുന്നത്. പണം നഷ്ടപ്പെട്ടതോടെ വീടുപണിയും മുടങ്ങിയിരിക്കുകയാണ് .കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയെങ്കിലും ബസ്സിനുള്ളില്‍ സി സി ടി വി ഇല്ലാത്തതിനാല്‍ പ്രതിയെ കണ്ടെത്തുമെന്ന് ഉറപ്പുമില്ല .
മഴക്കാലത്തിനു മുന്‍പെങ്കിലും വീടു വാര്‍ക്കണമെന്ന കുടുംബത്തിന്റെ സ്വപ്നമാണ് തകര്‍ന്നത്. ഒരു യുവതി ബസ്സിനുള്ളില്‍ ഭവാനിയമ്മയുടെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നുണ്ട്. സുമനസ്സുകള്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഭവാനിയമ്മയും മകനും.