video
play-sharp-fill

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ; വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ; വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും

Spread the love

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും.

കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.

2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര്‍ ദുരന്തത്തില്‍ മരിച്ചു. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളില്‍ മനുഷ്യര്‍ സ്നേഹം പാകം ചെയ്തു. മണ്ണിനടിയില്‍ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നിയമതടസ്സങ്ങള്‍ മറികടന്ന് ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group