
തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ നിയമപോരാട്ടം നടത്തിയത് ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ്ജാണ്.
ഇപ്പോള്‍ പിണറായി വിജയന്റെ വസതിയില്‍ ഇഡി എത്തുമ്പോള്‍ അതില്‍ പ്രതികരിച്ചു ഷോണ്‍ ജോര്‍ജ്ജ് രംഗത്തുവന്നു. നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താന്‍ ആണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്ക്കിടെ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസില്‍ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായിയുടെ വീട്ടില്‍ എത്തിയത്. പിണാറായി വിജയനും മകള്‍ വീണ വിജയന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ബേക്കറി ജംഗ്ഷനിലെ വീട്ടിലുണ്ട് . കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 12 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകന്‍ മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍ എംഡിശശിധരന്‍ കര്‍ത്ത, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖര്‍ എന്നിവരുടെ വീടുകളിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍സ് ലിമിറ്റഡിന്റെ (സി.എം.ആര്‍.എല്‍) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമന്‍സുകള്‍ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണയുടെ ഉടമസ്ഥതയിലുള്ള എക്സലോജിക് എന്ന ഐടി കമ്പനിക്ക് സിഎംആര്‍എല്‍ നിയമവിരുദ്ധമായി വന്‍തുക നല്‍കിയെന്നാണ് പ്രധാന ആരോപണം. ഐടി സേവനങ്ങള്‍ ഒന്നും നല്‍കാതെ 1.72 കോടിരൂപ എന്തിനാണ് നല്‍കിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇഡിക്കൊപ്പം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും കേസ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിര്‍ദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി ലക്ഷ്യമിടുന്നത്.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്നതിനാല്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സിഎംആര്‍എല്‍ വാദിച്ചത്.കേസില്‍, ആദായനികുതി വകുപ്പും എസ്.എഫ്.ഐ.ഒയും നടത്തിയ അന്വേഷണങ്ങളിലും കൈമാറിയ തുകയ്ക്ക് സേവനം നല്‍കിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. എറണാകുളത്തെയും ബംഗളൂരുവിലെയും രജിസ്ട്രാര്‍ ഒഫ് കമ്പനീസ് നടത്തിയ അന്വേഷണങ്ങളിലും എക്സാലോജിക്കിന് എതിരായ കണ്ടെത്തലുകളാണുണ്ടായത്. ഇ.ഡി അന്വേഷണത്തിന് ബംഗളൂരു രജിസ്ട്രാര്‍ ശുപാര്‍ശയും ചെയ്തിരുന്നു.







