
തിരുവനന്തപുരം: ഇഡി റെയ്ഡിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവ് പുറത്ത്. പ്രതി പോലീസിനെ ആക്രമിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പോലീസുകാരനെ കല്ലെറിയുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
കല്ലേറിൽ ഒരു പോലീസുകാരന്റെ കൺപുരികത്തിന് പരിക്കേറ്റതായും കല്ല് കണ്ണിൽ പതിച്ചിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം പ്രോത്സാഹിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്നും അതിനെ തടയാൻ എത്തിയ പോലീസുകാരെയാണ് ആക്രമിച്ചതെന്നും ഉത്തരവിൽ പറയുന്നു.
സംഭവം പൊതുജനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വിലയിരുത്തി. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







