Spread the love

ന്യൂഡൽഹി: അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്താനും ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ സെക്രട്ടറി വി. ഉമാശങ്കർ വ്യക്തമാക്കിയത്. ഡീസലിൽ ഐസോബ്യൂട്ടനോൾ മിശ്രിതം ഉപയോഗിക്കുന്ന കാര്യം സർക്കാർ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എത്തനോളിൽ നിന്ന് നിർമ്മിക്കുന്ന ജൈവ ഇന്ധനമായ ഐസോബ്യൂട്ടനോൾ, കൂടുതൽ ഊർജ സാന്ദ്രതയും കുറഞ്ഞ തുരുമ്പ് സാധ്യതയും കാരണം ഡീസലുമായി മിശ്രിതമാക്കാൻ കൂടുതൽ അനുയോജ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എത്തനോളിനെ അപേക്ഷിച്ച് ഡീസലുമായി എളുപ്പത്തിൽ കലരുന്നതും ഇതിന്റെ പ്രധാന പ്രത്യേകതയാണ്. നിലവിലുള്ള ഡീസൽ എൻജിനുകളിൽ പരിമിതമായ മാറ്റങ്ങളോടെ ഇത് ഉപയോഗിക്കാനാകുമെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.

video
play-sharp-fill

ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഈ ആശ്രയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നേരത്തെ ഡീസലിൽ 10 ശതമാനം എത്തനോൾ കലർത്താനുള്ള പരീക്ഷണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഐസോബ്യൂട്ടനോളിലേക്ക് സർക്കാർ ശ്രദ്ധ തിരിച്ചത്. ട്രക്കുകൾ, ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും ഈ ഇന്ധന മിശ്രിതം സഹായകരമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.