
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ നല്കിയ മൊഴി പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ആക്രമണമെന്നായിരുന്നു കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ആസൂത്രണം ഉണ്ടായിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തിരിച്ചറിഞ്ഞത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറിയിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ആക്രമിക്കപ്പെട്ട വാഹനം പൊതുമുതല്‍ തന്നെയാണ്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉദ്യോഗസ്ഥര്‍ക്ക് ഭീതിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന അപൂര്‍വമായ സംഭവമാണിതെന്നും കോടതി വിലയിരുത്തിയിരുന്നു.






