
ബക്കറ്റുമായി പിരിവിനിറങ്ങാതെ സമ്മേളന ചെലവിനാവശ്യമായ മുഴുവന്‍ പണവും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; ഒരു ജില്ലയില്‍ നിന്നു മാത്രം 1,00,20,000 രൂപ സമാഹരിച്ചു
സ്വന്തം ലേഖകൻ
പത്തനംതിട്ട : ബക്കറ്റുമായി പിരിവിനിറങ്ങാതെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ആക്രി പെറുക്കിയും സ്വയം തൊഴില്‍ ചെയ്തും പ്രവര്‍ത്തകര്‍ പതിനൊന്ന് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് സമാഹരിച്ചത് 1,00,20,000 രൂപ.
ബിരിയാണി, കപ്പ, പായസം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മുണ്ട്, മീന്‍, പച്ചക്കറി എന്നിവ വില്‍പ്പന നടത്തിയാണ് പണം കണ്ടെത്തിയത്. കിണറു ശുചിയാക്കല്‍, വാഹനങ്ങള്‍ കഴുകി നല്‍കല്‍, ചുമട് എടുക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്തും പണം സമാഹരിച്ചിട്ടുണ്ട്. സമ്മേളന ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവില്ല. സമ്മേളന ചെലവിനാവശ്യമായ മുഴുവന്‍ പണവും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തുകയാണ്.
സംഘാടകസമിതി ചെയര്‍മാന്‍ കെ.പി.ഉദയഭാനു, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.യു.ജനിഷ് കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ പി.ബി.സതീഷ് കുമാര്‍, ട്രഷറര്‍ സംഗേഷ് ജി.നായര്‍ എന്നിവര്‍ ചേര്‍ന്ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സമ്മേളന ഫണ്ട് ഏറ്റുവാങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ അഞ്ചു മുതല്‍ സമ്മേളനത്തിന്റെ ഭാഗമായ അനുബന്ധ പരിപാടികള്‍ ആരംഭിക്കും. ബ്ലോക്ക് കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, ചരിത്ര ചിത്രപ്രദര്‍ശനം തുടങ്ങിയവ നടക്കും. ഏപ്രില്‍ 27 മുതല്‍ മുപ്പതു വരെയാണ് സമ്മേളനം. വിവിധ ജില്ലകളില്‍ നിന്ന് 635 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും.
ലക്ഷങ്ങള്‍ അണിനിരക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 25,000 യുവതീയുവാക്കളെ അംഗങ്ങളാക്കി 500 യൂണിറ്റുകള്‍ പുതുതായി രൂപീകരിക്കുമെന്നും 50000 യുവതീ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് രക്തദാന സേന രൂപീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി ബി.നിസാം, ജില്ലാപ്രസിഡന്റ് എം.സി.അനീഷ് , ട്രഷറര്‍ എം.അനീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.