
വർക്കല: ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പോലീസ് നടത്തുന്ന പ്രത്യേക ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും പോലീസിന്റെ മിന്നല്‍ പരിശോധന.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതല്‍ പ്രമുഖ ടൂറിസം കേന്ദ്രമായ വർക്കല ക്ലിഫിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച വ്യാപക പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വൻതോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വർക്കല കായിക്കര ആശാൻ സ്മാരകത്തിന് സമീപം താമസിക്കുന്ന സെല്വൻ (32), വർക്കല നെടുങ്കണ്ട കുളങ്ങര ഹൗസില്‍ റിജു (50), വർക്കല കണ്വാശ്രമം സ്വദേശി കുന്നില്‍ ചരുവിള വീട്ടില്‍ ഷറഫുദ്ദീൻ (40), ശ്രീനിവാസപുരം കല്ലുവിള വീട്ടില്‍ സന്തോഷ് കുമാർ (43) എന്നിവരാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധനകള്‍ നടന്നു. സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ചാവടിമുക്ക്, കോവൂർ എന്നീ പ്രദേശങ്ങളിലെ കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) അറിയിച്ചു. ഈ മേഖലകളില്‍ പോലീസിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്.







