
കോഴിക്കോട് : വാഹനാപകടത്തില്‍ മേല്‍പ്പാതയില്‍ നിന്നും താഴെയുള്ള അപ്രോച്ച് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ 17കാരനായ അഹമ്മദ് അല്‍ സാബിത്ത് ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അരയിടത്തുപാലം മേല്‍പാതയില്‍ വെച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ചാണ് സാബിത്തിന് ഗുരുതരമായി പരിക്കേറ്റത്.
രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിക്കുകയായിരുന്നു. പാലാഴി ഹിദായ ദര്‍സിലെ വിദ്യാര്‍ത്ഥിയാണ് സാബിത്ത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സാബിത്ത് ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീല്‍ അടക്കം പരിക്കേറ്റ മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.






