ഹെല്‍മെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ഇടിച്ചു, ഡ്യൂട്ടിക്ക് പോകുന്നതിനിടെ പൊലീസുകാരന് ക്രൂര മർദ്ദനം ; ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ്
തിരുവനന്തപുരം : നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ പൊലീസുകാരന് ക്രൂര മർദ്ദനം. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സിജു തോമസിനാണ് മർദ്ദനമേറ്റത്. ലഹരി മാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
രാത്രി ചാലയ്ക്ക് അടുത്ത് ആര്യശാലയിലായിരുന്നു സംഭവം. കൊട്ടാരക്കര സ്വദേശിയായ സിജു ബൈക്കില്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു. അതിനിടെ ആര്യശാലയ്ക്ക് സമീപം ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിലായത്. തുടർന്ന് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ ഒരു സംഘം വാഹനം തടഞ്ഞു നിറുത്തി മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനാണ് ഉണ്ടായത്. ഹെല്‍മെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ഇടിച്ചു. മുഖത്ത് ചോരവാർന്ന നിലയില്‍ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാല പ്രദേശത്ത് പതിവായി പട്രോളിംഗിന് പോകുന്ന സംഘത്തിലുള്‍പ്പെട്ടയാളാണ് സിജു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരെല്ലാം ഒളിവില്‍ പോയി. ചാല മാർക്കറ്റിനുള്ളില്‍ സംഘം ചേർന്ന് പ്രവർത്തിക്കുന്നവരാണ് പ്രതികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group