
കോട്ടയം ജില്ലയിൽ മായം ചേർത്ത ഉണക്കയിറച്ചിയുടെ വിൽപ്പന വ്യാപകമാകുന്നു; ഉണങ്ങിയതെല്ലാം ഇറച്ചിയല്ല, സൂക്ഷിക്കുക
സ്വന്തം ലേഖകൻ
കോട്ടയം. ഉണക്ക ഇറച്ചിയിൽ മായം ചേർത്ത് വിൽപ്പന നടക്കുന്നത് ജില്ലയിൽ വ്യാപകമാകുന്നു. ഉണക്കി എടുക്കുന്ന ഇറച്ചി വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. പോത്തിറച്ചി ഉപ്പും കുരുമുളകും ചേർത്ത് പുകയിട്ട് ഉണക്കിയെടുക്കുകയാണ് സാധാരണ ചെയ്യുന്നത്. ഫാറ്റ് നീക്കം ചെയ്താണ് ഉണക്കുന്നത്.
വിദേശ രാജ്യങ്ങളിലേയ്ക്കും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്ന ആയിരക്കണക്കിന് മലയാളികളാണ് ഉണക്ക ഇറച്ചിയോ ഇടിയിറച്ചിയോ കൂടുതലായി വാങ്ങുന്നത്. ഇതിന്റെ വിപണന സാദ്ധ്യത വർദ്ധിച്ചതോടെ വൻ ബിസിനസ് ആയി മാറുകയും ചെയ്തു. കടകൾ വഴി വലിയതോതിൽ വിൽപ്പന കുറവാണ്. ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് കൂടുതൽ കച്ചവടം നടക്കുന്നത്. ഉണക്കിയെടുക്കുന്ന ഇറച്ചി വിൽനയിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഒരു കിലോ ഉണക്ക ഇറച്ചിക്ക് 2100 രൂപയാണ് വില.
Whatsapp Group 1 | Whatsapp Group 2 |Telegram Group

250 ഗ്രാമിന് 575 രൂപ വരെ ഈടാക്കും. ആവശ്യക്കാർ ഏറിയതോടെ ഉണക്ക ഇറച്ചിയും ഇടിയിറച്ചിയും ഉണ്ടാക്കി വിൽപ്പന നടത്തുന്നതിലും കൃത്രിമത്വം വർദ്ധിച്ചു. മറ്റ് ഇറച്ചികളും ഭക്ഷ്യ യോഗ്യമല്ലാത്ത വേസ്റ്റും കാലപ്പഴക്കം ചെന്ന ഇറച്ചിയും എല്ലാം ഉണക്കയിറച്ചി എന്ന രീതിയിൽ വിൽപ്പന നടത്തുകയാണ്. നിലവിൽ, പോത്തിറച്ചിക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ട്. ഇതിനാൽ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന മറ്റു മാംസമാണ് ഉണക്കയിറച്ചിക്ക് ഉപയോഗിക്കുന്നത്.
ഇത് ഉപയോഗിക്കുന്നവർക്ക് വയറിളക്കം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായി പറയുന്നു.ഓൺലൈൻ വഴി വിൽപന നടത്തുന്നത് മൂലം ഇത് വാങ്ങിച്ച് ഉപയോഗിക്കുന്ന ആളുകൾക്ക് പരാതിപ്പെടാനും സാധിക്കുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുത്ത് ഉണക്ക ഇറച്ചി വിൽപന നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാൽ, മാനദണ്ഡം പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.