play-sharp-fill
മലയാളിക്ക് കോണ്ടത്തെ ഭയമോ..! സോപ്പിട്ട്, മാസ്‌ക്കിട്ട് , സാമൂഹിക അകലം പാലിച്ച് ധൈര്യം സംഭരിച്ച് മെഡിക്കൽ ഷോപ്പിൽ പോയി അത് വാങ്ങാം: കോണ്ടം നല്ലതിനാണ്; ലൈംഗിക ബോധവത്കരണത്തിനു കോണ്ടത്തെ കൂട്ടുപിടിച്ച് വിവാദ നായിക ശ്രീലക്ഷ്മി അറയ്ക്കൽ

മലയാളിക്ക് കോണ്ടത്തെ ഭയമോ..! സോപ്പിട്ട്, മാസ്‌ക്കിട്ട് , സാമൂഹിക അകലം പാലിച്ച് ധൈര്യം സംഭരിച്ച് മെഡിക്കൽ ഷോപ്പിൽ പോയി അത് വാങ്ങാം: കോണ്ടം നല്ലതിനാണ്; ലൈംഗിക ബോധവത്കരണത്തിനു കോണ്ടത്തെ കൂട്ടുപിടിച്ച് വിവാദ നായിക ശ്രീലക്ഷ്മി അറയ്ക്കൽ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വിവാദങ്ങളുടെ തോഴിയാണ് ശ്രീലക്ഷ്മി അറയ്ക്കൽ എന്ന പെൺകുട്ടി. ശ്രീലക്ഷ്മിയുടെ ഓരോ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും, ലൈവുകളും എന്തെങ്കിലും വിവാദങ്ങൾക്കു വഴിമരുന്നും ഇടാറുണ്ട്. ചൊവ്വാഴ്ച ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ


കോണ്ടം ഭയക്കുന്ന മലയാളികൾ
_________________________________

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാനും എന്റെ ബോയ്ഫ്രണ്ടും പരിചയപ്പെട്ട് രണ്ട് വർഷത്തോളം കഴിഞ്ഞതിന് ശേഷമാണ് നമ്മൾ ഇൻസേർഷൻ പ്രക്രിയയിലേക്ക് പോയത്.
കാരണം രണ്ടാൾക്കും പേടി ആയിരുന്നു. ഇൻസേർഷൻ പ്രക്രിയ പ്ലാൻ ചെയ്യുന്നതിന് മുന്നേ ഞങ്ങൾക്കിടയിൽ നടന്ന കോൺഫ്‌ലിക്ട് ആര് കോണ്ടം വാങ്ങുമെന്നാണ്.
അങ്ങനെ ‘നീ വാങ്ങ് നീ വാങ്ങ്’ എന്ന് അങ്ങോട്ടുമിങ്ങോട്ടും പറയുന്നതല്ലാതെ മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങാൻ രണ്ടാൾക്കും വലിയ നാണമായിരുന്നു.

അപ്പോഴാണ് എന്റെ വേറൊരു കല്ല്യാണം കഴിഞ്ഞ കൂട്ടുകാരൻ എന്നോട് ലവൻ കോണ്ടം വാങ്ങി എന്ന് പറയുന്നത്.
അവനത് പോത്തീസ് സൂപ്പർമാർക്കറ്റിൽ പോയി എടുത്തോണ്ട് വന്നതാണ് എന്നും പറഞ്ഞു.
ബാക്കി സാധനങ്ങൾ വാങ്ങും കൂടെ കോണ്ടവും പെറുക്കി ഇട്ടാൽ മതി പോലും.

അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ പോത്തീസിൽ പോയി. ലവനെ വിളിച്ച് ചോദിച്ചു ഏത് സെക്ഷന്റെ അടുത്താണ് കോണ്ടം ഇരിക്കുന്നതെന്ന്.

ലവൻ പറഞ്ഞ ദിശയിൽ പോയി നോക്കിയപ്പോ കുറേ കവറുകൾ ഇരിക്കുന്നു. വലുതും ചെറുതുമൊക്കെയായി പല ബ്രാന്റുകൾ..
കാമസൂത്ര..മൂഡ്‌സ്..പിന്നെ എന്തൊക്കെയോ പേരുകൾ.

അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആൾക്കാർ നിൽക്കുന്നു. എനിക്ക് ആ സൈഡിലേക്ക് നോക്കാൻ തന്നേ പേടി.
ഞാൻ കോണ്ടം എടുക്കുമ്പോൾ ആരേലും നോക്കൂല്ലേ എന്ന് മടിച്ച് മടിച്ച് നിന്നപ്പോൾ ഒരു മുപ്പത് വയസ്സുളള ചേട്ടൻ വന്ന് കോണ്ടം പാക്കറ്റ് കൈയ്യിലെടുത്ത് നോക്കാൻ തുടങ്ങി.
എന്റെ ഹൃദയം ടിക് ടിക് എന്നടിച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് ഞാനും ഒരു കുഞ്ഞി പാക്കറ്റ് എടുത്ത് നോക്കി.
ഹൊ! 30 രൂപയും 120 രൂപയും.
എനിക്കിതിന്റെ ആവിശ്യമില്ലല്ലോ എന്ന് കരുതി വലിയ പാക്ക് അവിടെ വെച്ച് 30 രൂപേടെ കോണ്ടം എടുത്ത് ബാസ്‌കറ്റിൽ ഇട്ടു. വേറേ എന്തൊക്കെയോ വാങ്ങാനായി വാങ്ങി.കാരണം കോണ്ടം മാത്രം വാങ്ങാനാണ് വന്നത് എന്ന് ആരും അറിയരുതല്ലോ.

ബില്ലിങ്ങ് സെക്ഷനിൽ ബില്ലടിക്കാനായി അവർ കോണ്ടം കൈയ്യിലെടുത്തപ്പോ പിന്നേം ഹൃദയം ടിക് ടിക് എന്ന് അടിക്കുന്നു. ആരേലും കാണുവോ എന്ന നാണക്കേട്. ‘ഹൊ! എത്ര ലജ്ജാവഹം ‘ എന്നുപറഞ്ഞപോലെയായി!

ഏതായാലും ആ 3 കോണ്ടം തീർന്ന വഴിയേ അറിഞ്ഞില്ല.

പിന്നേയും രണ്ട് മാസം കഴിഞ്ഞ് ഇതേ അവസ്ഥ. അവസാനം എന്റെ കൂട്ടുകാരൻ പോത്തീസിൽ പോയി സാധനങ്ങൾ മേടിക്കുമ്പോൾ അവൻ ഒരു പാക്കറ്റ് എടുത്ത കൂട്ടത്തിൽ എനിക്കും മേടിച്ചു തന്നു.

അതും തീർന്ന് ഇങ്ങനെ സാഡ് ആയിരിക്കുമ്പോഴാണ് ഒരു അപാരധൈര്യമുളള പെൺസുഹൃത്ത് എനിക്ക് 120 രൂപയുടെ കോണ്ടം പാക്കറ്റ് മേടിച്ച് തന്നത്. അതിൽ 12 എണ്ണമുളളതുകൊണ്ട് സുഖമായിരുന്നു. കൊറോണവന്ന് ബോയ്ഫ്രണ്ടിനെ വല്ലപ്പോഴും കണ്ടതിനാൽ മാത്രം ആ പാക്കറ്റ് ഒരു കൊല്ലം ഉപയോഗിക്കാൻ പറ്റി.

ഇതിനിടക്ക് ഞാനും ആദ്യം കോണ്ടം മേടിച്ചുതന്ന കൂട്ടുകാരനും ചില സാങ്കേതിക കാരണങ്ങളാൽ അടിച്ചു പിരിഞ്ഞു. ഇനി കോണ്ടം എങ്ങനെ മേടിക്കും? ആരോട് പോയി പറയും.
വീണ്ടും ടെൻഷനായി !

അങ്ങനെയിരിക്കെയാണ് വേറൊരു കൂട്ടുകാരൻ കാണാൻ വന്നത്. അവനോട് എടാ നീ എനിക്കൊരു പാക്കറ്റ് കോണ്ടം മേടിച്ച് തരണം എന്ന് പറഞ്ഞു.
അപ്പോ അവൻ സമ്മതിച്ചു.
30 രൂപേടേ പോരേ എന്ന്.
ഞാൻ പറഞ്ഞു ‘വലുത് മേടിച്ചോ..എപ്പോളും എപ്പോഴും ഇതൊന്നും വാങ്ങാൻ എനിക്ക് ആൾക്കാരെ തപ്പാൻ വയ്യ’ എന്ന്.

ഓകെ പറഞ്ഞെങ്കിലും അവനും വാങ്ങാൻ മടി.
ഒടുവിൽ അവൻ അവന്റെ വേറേ ഒരു കൂട്ടുകാരനേ വിട്ട് മേടിപ്പിച്ച് എനിക്ക് തന്നു.

ആ കോണ്ടം പാക്കറ്റാണ് ഇപ്പോ എന്റെ കൈയ്യിലിരിക്കുന്ന ഈ പാക്കറ്റ്!

ഇത്രേം ഒക്കെ വിശദമായി എഴുതിയത് ചുമ്മാ കോണ്ടം കണക്ക് പറയാൻ മാത്രമല്ല.
ഇത് വായിക്കുമ്പോൾ പലർക്കും അവരുമായി റിലേറ്റ് ചെയ്യാൻ പറ്റും എന്നെനിക്ക് അറിയാം.

എന്നേപോലേയും എന്റെ ബോയ്ഫ്രണ്ടിനേപോലെയും എന്റെ മറ്റു ഫ്രണ്ടിനേപ്പോലേയും മെഡിക്കൽ ഷോപ്പിൽ പോയി കോണ്ടം ചോദിച്ച് മേടിക്കാൻ പലർക്കും മടിയാണ്. പ്രത്യേകിച്ച് ബാച്ചിലേഴ്‌സിന്.

എന്നാൽ കൂട്ടമായി ഗിഫ്റ്റ് കോടുക്കാൻ വാങ്ങാൻ ഇതൊരു പ്രശ്‌നമേ അല്ല. ആൺകുട്ടികൾ കൂട്ടംകൂടി മെഡിക്കൽ ഷോപ്പിൽ പോയി മേടിക്കും. പക്ഷേ ഒറ്റക്ക് പോയി വാങ്ങാൻ പലർക്കും നാണക്കേടാണ്.

ഡിഗ്രീ ഫസ്റ്റ് ഇയർ പഠിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ബർത്ത്‌ഡേക്ക് കോണ്ടം സമ്മാനമായി കൊടുക്കുന്നതും അവിടുന്ന്തന്നെ കവർ പൊട്ടിച്ച് എല്ലാവരും കൈമാറി നോക്കുന്നത് കണ്ട് അത്ഭുതപ്പെട്ടൊന്നും ഇല്ല, കാരണം ഇതേ ആൾക്കാർ എത്രപേർ ഒറ്റക്ക് പോയി കോണ്ടം വാങ്ങാൻ ധൈര്യപ്പെടും എന്ന് എനിക്കറിയില്ല!

ശരിക്കും എന്തിനാണ് കോണ്ടം വാങ്ങാൻ മെഡി.ഷോപ്പിൽ പോകുമ്പോൾ പേടിക്കുന്നത് / ചമ്മൽ വരുന്നത്?

കോണ്ടം വെറും ഗർഭനിരോധന ഉറ മാത്രം അല്ല. അതിന് നിങ്ങളെ പല രോഗങ്ങൾ പടരുന്നത് വഴി സംരക്ഷിക്കാൻ പറ്റും. സെക്‌സ് എന്നാൽ പാപമാണെന്നും സെക്‌സ് ചെയ്യുന്നത് മറ്റൊരാൾ അറിഞ്ഞാൽ നാണക്കേടാണ് എന്നുമുളള ചില വിക്ടോറിയൻ സദാചാര ബോധമാണ് ഇന്നും നമ്മളെ പിൻതുടരുന്നത്. ആ ബോധമാണ് മെഡി.ഷോപ്പിൽ പോകുന്നതിൽ നിന്ന് നമ്മളേ പിന്നോട്ട് വലിക്കുന്നത്.

പ്ലസ് വൺ കെമിസ്ട്രീ ക്ലാസ്സിൽ ആദ്യമായ് ക്വാണ്ടം ഓഫ് എനർജി എന്ന് കേൾക്കുമ്പോൾ കോണ്ടത്തേയാണ് പലർക്കും ഓർമ വരിക.
അപ്പോ കുട്ടികളുടെ മുഖത്തൊക്കെ ഒരു കളളച്ചിരി കാണാം.

ഫീമെയിൽ കോണ്ടം ഉണ്ടെങ്കിലും അതിനു പ്രചാരണവും ഉപയോഗവും കുറവാണ്. കാരണം എന്താണെന്ന് അറിയില്ല.പക്ഷേ ഞാൻ പോത്തീസിൽ കണ്ടിട്ടുണ്ട്.

എക്‌സ്ട്രാ സേഫ് ആകാൻ വേണ്ടി രണ്ട് കോണ്ടം ഇടണോ എന്ന് ചിലർ എന്നേ വിളിച്ച് ചോദിക്കാറുണ്ട്. ഫ്രിക്ഷൻ കൂടി കോണ്ടം പൊട്ടാനല്ലാതെ ഒരു സേഫ്റ്റിയും അത് നൽകില്ല.

ഇത്രയോക്കെ പറഞ്ഞത് നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമല്ലാ എന്ന് നിങ്ങൾ കരുതാൻ പോകുന്ന ഒരു കാര്യം പറയാൻ വേണ്ടിയാണ്. അതിനായി മുപ്പതോ നാൽപ്പതോ ഉദാഹരണങ്ങൾ എനിക്ക് നൽകാൻ പറ്റും.

എനിക്ക് ഇതുപോലെ ഒരുപാട് ഫോൺകോൾ വരാറുണ്ട്.
1. അബോർഷൻ എവിടെ ചെയ്യും?
2.അബോർഷന് എത്ര കാശ് ആകും?
3. ഐപിൽ എത്ര മണിക്കൂറിനുള്ളിൽ കഴിക്കണം.
4. കല്ല്യാണം കഴിച്ചിട്ട് ഒന്ന് ആസ്വദിക്കുന്നതിന് മുൻപേ അറിയാതെ ഗർഭിണി ആയി; ഇനി എന്ത് ചെയ്യും?

സംഭവം പലരും ഓർക്കാത്ത സമയത്ത് ബന്ധപ്പെടുന്നതുകൊണ്ടാണ്.
സമയവും സാഹചര്യവും ഒത്തുവന്നാൽ പല കപ്പിൾസും കപ്പിൾസ് അല്ലാത്തവരും ഒക്കെ ബന്ധപ്പെടാറുണ്ട്. ഉമ്മയിൽ തുടങ്ങി കൺട്രോള് പോകുന്ന സമയത്തേ വികാരവിസ്‌ഭോടനത്തിൽ ആൾക്കാർ ഇൻസേർഷൻ ചെയ്യും. എന്നിട്ട് വിത്ത്‌ട്രോവൽ മാർഗ്ഗം ഉപയോഗിക്കും.
വിത്ത്‌ട്രോവൽ മാർഗ്ഗം ഒട്ടും സേഫല്ല എന്ന് എല്ലാവർക്കും അറിയാം ; എന്നിരുന്നാലും മറ്റുവഴിയില്ലാത്തതിനാൽ ഇതു പ്രയോഗിക്കുന്നു.
പിന്നെ ഇതിന്റെ പേരിൽ ഗർഭിണി ആകുമോ ഇല്ലയോ എന്ന് കരുതി ടെൻഷൻ അടിച്ച് നടക്കുന്നു.
അടുത്ത പിരീഡ്‌സ് ആകുന്നത് വരേ ഇവരിങ്ങനെ പ്രാന്ത് പിടിച്ച് നടക്കും.
ചിലരൊക്കെ വിളിച്ച് ‘ചേച്ചീ..പറ്റിപ്പോയി..ഓർത്തില്ല, പപ്പായ കഴിച്ചാൽ മതിയോ ചേച്ചീ’ എന്നൊക്കെ ടെൻഷനടിച്ച് ചോദിക്കും.

ഇതൊക്കെ ഒഴിവാക്കാനായി നിങ്ങൾക്ക് ഒരു ടെക്‌നിക് പറഞ്ഞു തരാം.
ദയവ് ചെയ്ത് ബന്ധപ്പെടാൻ ചാൻസ് ഉണ്ട് എന്ന് തോന്നുന്ന ദിവസങ്ങളിൽ കോണ്ടം കയ്യിൽ കരുതുക. ഇനി അവസരങ്ങൾ കൂടുതൽ വരുന്നവർ എപ്പോഴും കോണ്ടം കൈയ്യിൽ കരുതുക.

എന്റെ ഒരു കൂട്ടുകാരന്റെ കാറിൽ വേറേ എന്ത് ഇല്ലെങ്കിലും ഒരു പാക്കറ്റ് കോണ്ടം അവൻ വാങ്ങി വെച്ചിരിക്കും; ഫോർ സേഫ്റ്റി

എന്തായാലും ആണുങ്ങളായാലും പെണ്ണുങ്ങളായാലും ട്രാൻസ്‌ജെൻഡർ ആയാലും ; ആങ്ങനെ ഏതൊരു വ്യക്തി ആയാലും പേഴ്‌സിൽ ചുമ്മാ ഒരു കോണ്ടം മേടിച്ച് സൂക്ഷിച്ച് വെച്ചോണ്ട് നടന്നാൽ ആവശ്യഘട്ടത്തിൽ ഉപകരിക്കുകയും ചെയ്യും ; ഒരുപാട് ടെൻഷനും ഒഴിവാക്കാം.
അതിനാൽ തന്നെ ഞാനും എന്റെ പേഴ്‌സിൽ ഒരു കോണ്ടം എടുത്ത് വെയ്ക്കാൻ തീരുമാനിച്ചു.

എത്ര പ്രലോഭനം വന്നാലും ഞാൻ കോണ്ടം ഇല്ലാതെ മൈ ബോയ്ഫ്രണ്ടൂനേ അടുപ്പിക്കാറില്ല, ലവനും പേടിയാണ് താനും. അതുകൊണ്ട് തന്നെ ഒന്നെങ്കിൽ പ്രലോഭനങ്ങളിൽ വീഴാതെ നോക്കുക, പ്രലോഭനങ്ങളിൽ വീഴുന്നവർ ഞാൻ പറഞ്ഞ സൂത്രങ്ങൾ പരീക്ഷിക്കുക.

എന്നാലും മെഡിക്കൽ ഷോപ്പിൽ പോയി കോണ്ടം വാങ്ങാനുളള ഞങ്ങളുടെ മടിയും ചമ്മലും എന്ന് മാറുമോ എന്തോ..??
എല്ലാ സൂപ്പർമാർക്കറ്റിലും കോണ്ടം എടുത്ത് വിൽപ്പനക്ക് വെച്ചാൽ ഓട്ടോമാറ്റിക്കലി കുറച്ച് ആളുകളെങ്കിലും അവിടെ കൂടുതൽ കയറും ; എസ്‌പെഷ്യലി മെഡി.ഷോപ്പിൽ പോകാൻ മടിയുളള ബാച്ചിലേഴ്‌സ് ലൈക്ക് അസ്.

കുഴപ്പമില്ല…സോപ്പിട്ട് , മാസ്‌കിട്ട് , സാമൂഹിക അകലം പാലിച്ച് ധൈര്യം സംഭരിച്ച് മെഡി. ഷോപ്പിൽ പോയി അടുത്ത തവണ വാങ്ങി നോക്കാം .

മറക്കരുത്; കോണ്ടം നല്ലതിന്!