പിടിക്കും തടവ് ചാടും; പിടിക്കും തടവ് ചാടും; മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും കൊവിഡ് സെന്ററിൽ നിന്നും ചാടി ഡ്രാക്കുള സുരേഷ്; സുരേഷിനെക്കൊണ്ടു പൊറുതിമുട്ടി പൊലീസുകാർ

തേർഡ് ഐ ബ്യൂറോ

കൊച്ചി: പകൽ സമയം മാത്രം വീടുകളിൽ കയറി മോഷണം നടത്തുന്ന ഡ്രാക്കുള സുരേഷ് എന്ന കുപ്രസിദ്ധ മോഷ്ടാവ് കേരള പൊലീസിനെ വട്ടംചുറ്റിക്കുന്നു. മൂന്നു ദിവസത്തിനിടെ തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കെയർ സെന്ററിൽ നിന്നും ചാടിയാണ് സുരേഷ് പൊലീസിന്റെ ക്ഷമയെ പരീക്ഷിക്കുന്നത്.

കൊച്ചി കറുകുറ്റിയിലെ കൊവിഡ് കെയർ സെന്ററിന്റെ രണ്ടാം നിലയിൽ നിന്ന് വാതിൽ പൊളിച്ച് താഴേക്ക് ചാടുകയായിരുന്നു. കണ്ണൂർ സ്വദേശി നിഷാലും ഇയാൾക്കൊപ്പം രക്ഷപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയാണ് പൊലീസ് ഇയാളെ കറുകുറ്റി കൊവിഡ് കെയർ സെന്ററിലാക്കിയത്. എന്നാൽ അവിടെ നിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച ഇയാളെ വീണ്ടും പിടികൂടി. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇയാൾ വീണ്ടും പുറത്തുചാടിയത്. ഇതേത്തുടർന്ന് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രം റൂറൽ എസ്.പി കെ. കാർത്തിക്ക് സന്ദർശിച്ചു.

പകൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പട്ടാപ്പകൽ വീടുകളിൽ കയറി മോഷണം നടത്തിയതും കടകളിൽ നിന്ന് പണം ബലമായി തട്ടിയെടുത്തതും ഉൾപ്പെടെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പല തവണ ജയിലിലായിട്ടുള്ള ഇയാൾ പുറത്തിറങ്ങിയാൽ മോഷണം നടത്തുന്നതാണ് രീതി.

ജൂണിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇയാൾ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. അന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.