“ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു”…! പ്രതികളെ ഡോക്ടമാർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുവേണ്ടെന്ന സർക്കാർ ഉത്തരവ് ഒടുവിൽ വിനയായി..!! നാളുകൾ നീണ്ട ഡോ പ്രതിഭയുടെ പോരാട്ടം വിജയം കണ്ടപ്പോൾ പൊലിഞ്ഞത് മറ്റൊരു ഡോക്ടറുടെ ജീവൻ..!!
സ്വന്തം ലേഖകൻ
കോട്ടയം : പ്രതികളെ ഡോക്ടർമാർ പരിശോധിക്കുമ്പോൾ പോലീസ് അടുത്ത് നിൽക്കരുതെന്ന സർക്കാർ ഉത്തരവ് ഒടുവിൽ ഡോക്ടർമാർക്ക് തന്നെ വിനയായി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ കുത്തേറ്റ് മരിക്കാൻ കാരണമായതും ഈ ഉത്തരവിലെ തന്നെ വീഴ്ചയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലർച്ചയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനും കോട്ടയം സ്വദേശിനിയുമായ ഡോ. വന്ദന ദാസ് (23) കുത്തേറ്റ് മരിക്കുന്നത്.
വൈദ്യ പരിശോധനയ്ക്കായി
പൊലീസ് ആശുപത്രിയിൽ എത്തിച്ച യുവാവാണ് ഡോക്ടറെ കുത്തിയത് . അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുവാവിന്റെ കൂടെ പോലീസുകാർ ഉണ്ടായിരുന്നെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം പോലീസുകാർ ഡോക്ടറുടെ മുറിയുടെ പുറത്ത് മാറി നിൽക്കുകയായിരുന്നു. ഈ സമയത്താണ് ഡോക്ടറെ ഇയാൾ ആക്രമിക്കുന്നത്.
അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഒപ്പം വരുന്ന പോലീസ് ഉദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഡോക്ടർ- പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനായിരുന്നു ഈ നടപടി.
താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായ ഡോക്ടർ കെ പ്രതിഭ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് സർക്കാർ ഇറക്കിയത്.
എന്നാൽ ഉപകാരമാകേണ്ടിയിരുന്ന ഉത്തരവ് ഉപദ്രവമായി മാറിയിരിക്കുകയാണ്.
2018ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യ പരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോക്ടർ പ്രതിഭാ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പരിക്കുകളും രോഗ വിവരങ്ങളും വിശദമായി കോടതിക്ക് നൽകിയതാണ് പോലീസിനെ ചൊടിപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു. ഇതോടെയാണ് ഡോ പ്രതിഭ സർക്കാരിനെയും കോടതിയെയും സമീപിച്ചത്.
പലവട്ടം സർക്കാരിനെ സമീപിച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ പ്രതിഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത് !