
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വെളിപ്പെടുത്തലുമായി പ്രതി രാഹുൽ പി.ഗോപാൽ. യുവതിയുടെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും നേരത്തെ മറ്റൊരു യുവതിയുമായി വിവാഹം രജിസ്റ്റർചെയ്തത് മറച്ചുവെച്ചിട്ടില്ലെന്നും പറഞ്ഞു.
യുവതിയുടെ ഫോണിൽവന്ന കോളുകളും ചില സന്ദേശങ്ങളും കാരണമുണ്ടായ പ്രകോപനത്തിലാണ് യുവതിയെ അടിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് ഇയാളുടെ വിശദീകരണം. യുവതിയെ അടിച്ചു എന്നത് രാഹുൽ സമ്മതിക്കുന്നുണ്ട്, അത് തെറ്റാണ് അത് ക്ഷമയും ചോദിച്ചു. ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിയില്ലെന്നും നെറ്റിയിലെ പാട് ബാത്ത് റൂമിൽ തെന്നിവീണപ്പോൾ സംഭവിച്ചതാണെന്നും രാഹുൽ പറയുന്നു.
പരസ്പരം വഴക്ക് നടന്ന ശേഷവും ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. ഒത്തുതീർപ്പാക്കി മുന്നോട്ട് പോകാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ, യുവതിയുടെ വീട്ടുകാർ അടുക്കള കാണൽ ചടങ്ങിന് എത്തിയതിന് പിന്നാലെയാണ് പ്രശ്നം വഷളായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ ചില സുഹൃത്തുക്കളുമായുള്ള ഫോൺ കോളുകളിൽ താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വഴക്കുണ്ടായത്. രണ്ട് സിം കാർഡുകളിലെ വിവരങ്ങളും ഫോണും വാട്സാപ്പ് ചാറ്റും ഉൾപ്പടെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി ഉണ്ടായ കാര്യങ്ങളെല്ലാം ബോധിപ്പിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസിന് ബലം കിട്ടാനാണ് സ്ത്രീധനത്തിന്റെ കഥയെന്നും രാഹുൽ പറയുന്നു. മകളെ തല്ലിയതിന് പകരം ചെയ്യുമെന്ന് യുവതിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെയാണ് രാജ്യം വിട്ടു പോവാനുള്ള തീരുമാനം എടുത്തത്. യുവതിയുടെ ഫോൺ പരിശോധിക്കണമെന്നും ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുൽ പറഞ്ഞു. നിലവിൽ സിങ്കപ്പൂരിലുണ്ടെന്നാണ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാലിന്റെ പ്രതികരണം.









