Spread the love

കൊച്ചി: ഈയടുത്ത കാലത്തായി കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് ഭർതൃപീഡനത്തിന്റെയും സ്ത്രീധന പീഡനത്തിന്റെയും പേരിലാണ്. വിവാഹ ജീവിതത്തിലേക്ക് കടന്ന നിരവധി പെൺകുട്ടികളാണ് ജീവിതം സ്വയം അവസാനിപ്പിച്ചത്. നിറമില്ലാത്തതിന്റേയും സൗന്ദര്യമില്ലാത്തതിന്റേയും സ്ത്രീധനം കുറഞ്ഞുപോയതിന്റേയും വിദ്യാഭ്യാസമില്ലാത്തതിന്റെയും പേരിലെല്ലാം ഭർത്താവിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും നേരിടേണ്ടിവരുന്ന പീഡനമാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും കാരണമാകുന്നത്.

video
play-sharp-fill

ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതികളുടെ മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നതും പരാതി നൽകുന്നതും പതിവാണ്. നിരന്തരമായ പീഡനമുണ്ടായെന്നും പലപ്പോഴും മർദ്ദിക്കാറുണ്ടെന്നുമെല്ലാം പരാതിയിൽ കാണാം. എന്നാൽ, ഇത്രയും പീഡനമേൽക്കേണ്ടിവരുമ്പോഴും അവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനും ചേർത്തുനിർത്താനും എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

പീഡനമറിഞ്ഞിട്ടും പരാതി നൽകുകയോ ബന്ധം അവസാനിപ്പിച്ച് അവരെ സുരക്ഷിതമാക്കുകയോ ചെയ്യാതിരിക്കുന്നത് പെൺകുട്ടികളെ ഒറ്റപ്പെടുത്തുകയും അത് ആത്മഹത്യയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. സമൂഹത്തിലെ മാനക്കേടോർത്ത് പെൺമക്കളെ ഭർത്താവിനൊപ്പം അഡജസ്റ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് തെറ്റാണെന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ വികെ ദീപയുടെ അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം എന്നത് തുല്യ പങ്കാളിത്തം ഉള്ള പരസ്പരബഹുമാനം വേണ്ട ഒന്നാണെന്നും മറിച്ച് സംഭവിക്കുകയാണെങ്കിൽ നിന്റെ ഈ വീടും ഞങ്ങളും നിന്റേത് തന്നെയാണ്, ഒരു മാറ്റവും ഇല്ലാതെ പഴയ പോലെത്തന്നെ എന്ന ധൈര്യവുമാണ്
പെൺകുട്ടികൾക്ക് രക്ഷിതാക്കൾ നൽകേണ്ടതെന്നും അവർ പറയുന്നു.

വികെ ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്,

നിറമില്ലാത്തതിന്റെയും സൗന്ദര്യമില്ലാത്തതിന്റെയും പേരിൽ ഭർത്താവ് നിരന്തരം കളിയാക്കി, ഉപദ്രവിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിൽ പീഡിപ്പിച്ചു, എന്നൊക്കെയാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ അവളുടെ വീട്ടുകാർ ഉയർത്തുന്ന ആരോപണവും നൽകിയ പരാതിയും ആയി വാർത്തയിൽ കാണുന്നത്. ഇതിൽ നിരന്തരം എന്നൊരു വാക്ക് ഉണ്ട്… അപ്പോൾ …

പെൺകുട്ടിയെ ഭർത്താവ് അവൾക്ക് നിറമില്ല സൗന്ദര്യമില്ല സ്ത്രീധനം പോര എന്നൊക്കെ പറഞ്ഞ് സ്ഥിരമായി ഉപദ്രവിക്കുന്ന കാര്യം പെൺകുട്ടിയുടെ വീട്ടുകാർക്ക് ആദ്യമേ അറിയാം.

പെൺകുട്ടി ആത്മഹത്യ ചെയ്തത ഭർതൃവീട്ടിൽ വെച്ചാണ്…. നിരന്തരം ഭർത്താവ് ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും പിന്നെയും എന്തിനാണ് അവളെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞയച്ചത് എന്ന ഒരു ചോദ്യം ഉള്ളിൽ വരുന്നു .. ഇത്തരം വിഷമങ്ങൾ ഒരു പെൺകുട്ടി സ്വന്തം വീട്ടുകാരുമായി പങ്കുവെക്കുമ്പോൾ നിയമപരമായ പരാതി പറയേണ്ടതും, നീതിനേടാൻ ശ്രമിക്കേണ്ടതും അവൾക്ക് ഒപ്പം നിൽക്കേണ്ടതും അവളുടെ മനുഷ്യാന്തസ്സിനും സ്ത്രീത്വത്തിനും കോട്ടം തട്ടാതെ നോക്കേണ്ടതും ആ പെൺകുട്ടി ജീവിച്ചിരിക്കുമ്പോഴാണ്.

അല്ലാതെ അവൾ ആത്മഹത്യ ചെയ്തു കഴിഞ്ഞിട്ടല്ല. പല പെൺ വീട്ടുകാർക്കുമതിന് കഴിയാത്തത് ദുരഭിമാനം കൊണ്ട് മാത്രമാണ്, ആഘോഷിച്ചു നടത്തിയ വിവാഹം തകർച്ചയിലാണ് എന്നത് പുറം ലോകമറിയുമല്ലോ എന്ന മാനക്കേടിന്റെ ദുരഭിമാനം.. പെൺകുട്ടികളുടെ സഹനത്തിന്റെ കാരണവും ഇത് തന്നെ. കല്യാണം കഴിച്ചു കൊടുത്താൽ പിന്നെ പലപ്പോഴും പെൺകുട്ടികളോടും അവർ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളോടും ഒരു തരം ഡിറ്റാച്ച്ഡ് മാനസികാവസ്ഥ പല വീടുകളും വച്ചു പുലർത്തുന്നുണ്ട്..

പെൺകുട്ടികൾ കല്യാണത്തിലെ വിനിമയവസ്തു അല്ല. ഇത്തരത്തിലുള്ള യാതൊരുവിധ തരംതാഴ്ത്തലുകളും സഹിക്കേണ്ടവരുമല്ല എന്ന തിരിച്ചറിവും., വിവാഹം എന്നത് തുല്യ പങ്കാളിത്തം ഉള്ള പരസ്പരബഹുമാനം വേണ്ട ഒന്നാണെന്നും മറിച്ച് സംഭവിക്കുകയാണെങ്കിൽ’ നിന്റെ ഈ വീടും ഞങ്ങളും നിന്റേത് തന്നെയാണ് ഒരു മാറ്റവും ഇല്ലാതെ പഴയ പോലെത്തന്നെ. ‘എന്ന ധൈര്യവുമാണ് പെൺകുട്ടികൾക്ക് രക്ഷിതാക്കൾ നൽകേണ്ടത്.

എന്റെ പരിചയത്തിൽ ഉള്ള കോളേജ് അദ്ധ്യാപകരായ ദമ്പതികളുടെ മകൾ താൻ ഭർത്താവിൽ നിന്ന് നേരിടുന്ന സ്ത്രീധന പ്രശ്‌നങ്ങൾ മാതാപിതാക്കളോട് വന്നു പറഞ്ഞ നേരത്ത് അവർ ‘അതൊക്കെ കുറച്ച് കഴിയുമ്പൊ
ശരിയായിക്കോളും’ എന്ന് പറഞ്ഞ് ആ പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്.

നാലാൾ അറിഞ്ഞാലുള്ള അഭിമാനം തകരൽ ആയിരുന്നു അവിടെയും പ്രശ്‌നം. ആ പെൺകുട്ടി പിന്നീട് വിഷം കഴിക്കുകയും പാതിജീവനിൽ രക്ഷപ്പെടുകയും ചെയ്തു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച് ഭർത്താവിന്റെ കൂടെ
തന്നെ വിടുകയാണ് ചെയ്തത്. ഇപ്പൊ അവൾ ജീവിച്ചാലും ചത്താലും വിരോധമില്ലെന്ന മട്ടിൽ മനോരോഗിയായി
നിസ്സംഗമായി ഭർത്തൃവീട്ടുകാരുടെ കുത്തുവാക്കും കേട്ട് അവിടെത്തന്നെ കഴിയുന്നു.

എന്റെ ബന്ധത്തിൽ ഉള്ള ഒരു ചെറിയച്ഛന്റെ മകൾക്കും ഇത്തരം പ്രശ്‌നം നേരിടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം കടുത്ത സംശയ രോഗിയാണ് ഭർത്താവ് എന്നറിഞ്ഞ് അവൾ ചെറിയച്ഛനെ വിളിച്ച് ‘എനിക്കിത് സഹിക്കാൻ വയ്യ ഞാൻ ആത്മഹത്യ ചെയ്യും’ എന്ന് കരഞ്ഞ് പറഞ്ഞപ്പോൾ ഉച്ചയ്ക്ക് ഊണ് കഴിക്കുകയായിരുന്നു ചെറിയച്ഛൻ

‘ ഞാനുണ്ടാവുമ്പോ എന്തിനാ അച്ഛന്റെ കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഇങ്ങ് പോരെ.’ എന്നും പറഞ്ഞ് ചോറുണ്ണുന്ന കൈ കഴുകി ഉടുമുണ്ടിൽ തുടച്ച് ഇറങ്ങിപ്പോയി മൂപ്പര് മകളെ ഭർത്ത്യവീട്ടിൽ നിന്നും ഇറക്കി കൊണ്ടുവന്നു..
അന്ന് അതൊരു മഹനീയ പ്രവൃത്തി ആയിട്ടല്ല പലരും വാഴ്ത്തിയത്. പകരം ഒരു പെൺകുട്ടിയുടെ ജീവിതമല്ലേ ഒന്നൂടെ ആലോചിച്ച് ചർച്ചയ്ക്ക് ശ്രമിച്ചുടെ എന്ന് മട്ടിലായിരുന്നു സംസാരങ്ങൾ.

‘എന്റെ കുട്ടിയുടെ ജീവിതമായത് കൊണ്ട് തന്നെയാ തിരിച്ച്കൊണ്ട് വന്നത്. അവന് വേറെ പെണ്ണ് കിട്ടുമായിരിക്കും. ഇവള് പോയാ എനിക്ക് വേറെ മകളെ കിട്ടില്ല’ എന്ന നിലപാടിൽ ബന്ധുക്കളുടെ ഉപദേശങ്ങൾക്ക് എതിരെ ഉറച്ചു നിന്നു അദ്ദേഹം… എന്റെ മനസ്സിൽ പല കാര്യങ്ങൾ കൊണ്ടും മുൻപ് തന്നെ ഹീറോ ആയിരുന്ന മൂപ്പര് ഹീറോകളുടെ ചക്രവർത്തി ആയ സംഭവം ആയിരുന്നു ഇത്… ആളുകൾ പക്ഷേ അത് വിലയിരുത്തിയത്, അവന് അത്രയല്ലേ വിദ്യാഭ്യാസമുള്ളു എന്നാണ്..

സ്കൂളിൽ വിക്രസ് കാണിച്ച് എട്ടാം ക്ലാസിൽ പഠിത്തം നിർത്തി ഇറങ്ങിപ്പോന്നതാണ് ചെറിയച്ഛൻ. വിദ്യാഭ്യാസം കൂടുതലുള്ളവർ ആണെന്ന് തോന്നുന്നു ഇത്തരം സന്ദർഭങ്ങളിൽ മനസ്സിന് തുറസ്സില്ലാതെ പലപ്പോഴും അഭിമാനത്തിന് അടിമപ്പെട്ടു പോവുന്നത്. ആ ചെറിയചന്റെ മോൾ പിന്നീട് വേറെ വിവാഹം കഴിച്ച് ഭൂമിയിലെ സന്തോഷവതിയായ സ്ത്രീകളിൽ ഒരാളായി ഭർത്താവിനൊപ്പം ഇപ്പോൾ ജീവിക്കുന്നു..

വിവാഹം എന്നത് ഒരു കീഴടങ്ങൽ പ്രക്രിയ അല്ല എന്ന ധാരണയും, അത് തുല്യ ഉത്തരവാദിത്വം ഉള്ള ഒന്നാണെന്നും ഒട്ടും യോജിച്ച് പോവാനാവുന്നില്ലെങ്കിൽ ഇറങ്ങി പോരണം എന്നും ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം…
എന്നിട്ടും, അവർ പലപ്പോഴും തോറ്റു പിന്മാറി മരണത്തിലേയ്ക്ക് പോവുന്നത് കൃത്യസമയത്ത് തങ്ങളെ മനസ്സിലാക്കാത്ത.., ചേർത്തു പിടിക്കാത്ത തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരാലാണ്.

അവരുടെ ചില മിഥ്യാഭിമാനങ്ങളാലാണ്..അത് വിജയിപ്പിക്കേണ്ട ബാധ്യത അസഹനീയമാകുമ്പോഴാണ്….
തിരിച്ചു വന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയ്ക്ക് പ്രാപ്തി ആക്കിയിട്ടല്ല മാതാപിതാക്കൾ
തങ്ങളെ വിവാഹം കഴിപ്പിച്ചയച്ചത് എന്നതിനാലാണ്.. ഇവിടെ ഭർത്താവ് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
ശിക്ഷയും കിട്ടും. ശിക്ഷയുടെ കാലാവധിയ്ക്ക് ഒരു പരിധി ഉണ്ട്…

അയാൾ തിരിച്ചു വരും … പക്ഷേ ആത്മഹത്യ ചെയ്ത പെൺകുട്ടി ഇനി തിരിച്ച് വരില്ല.. മരിച്ചു പോയ പെൺകുട്ടികൾ ആരും തിരിച്ച് വരില്ല അത് ഓർത്തു കൊണ്ട്, കേൾക്കേണ്ട സമയത്ത് അവളുടെ പ്രിയപ്പെട്ടവർ
അവളെ കേൾക്കണം. കൂടെ നിൽക്കണം.. അവളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒന്നിലേക്കും
അവളെ രണ്ടാംവട്ടം ഇട്ടു കൊടുക്കത്.. തള്ളി വിടരുത്.

മരിച്ചിട്ടല്ല……. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങളിൽ നിയമ വഴിയ്ക്ക് പരാതി നൽകാൻ അവൾക്കൊപ്പം നിൽക്കലാണ് അവൾക്ക് നീതി നേടി കൊടുക്കൽ…