ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം: കോൺഗ്രസ് ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗങ്ങൾ തമ്മിൽ ധാരണയായില്ല; അന്തിമ തീരുമാനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളുമായി യുഡിഎഫ് നേതൃത്വം ചൊവ്വാഴ്ച വൈകിട്ട് ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്തുവാൻ കഴിഞ്ഞില്ല. കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തെ പ്രതിനിധീകരിച്ച് ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ,ഡോ.എൻ.ജയരാജ് എംഎൽഎ, സ്റ്റീഫൻ ജോർജ് എക്‌സ് എംഎൽഎ, എന്നിവരും ജോസഫ് വിഭാഗത്തിനായി പി.ജെ ജോസഫ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ,ടി.യു കുരുവിള എക്‌സ് എംഎൽഎ എന്നിവരാണ് പങ്കെടുത്തത്.

കോൺഗ്രസിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സിസി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരും മുസ്ലിം ലീഗിൽ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.ഏംകെ മുനീർ എന്നിവരുമാണ് ചർച്ച യ്ക്ക് നേതൃത്വം കൊടുത്തത്.ഇരുവിഭാഗങ്ങളും തങ്ങളുടെ വാദങ്ങൾ നിരത്തി.

ജോസ് കെ മാണി എംപി യും റോഷി അഗസ്റ്റിൻ എംഎൽഎയും വളരെ വൈകാരികമായി തന്നെയാണ് പ്രതികരിച്ചത്.യുഡിഎഫിന്റെ സമുന്നത നേതാവായ കെഎം മാണിയുടെ വിയോഗത്തിന് ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പിൽ പോലും ജോസഫ് വിഭാഗം നേതാക്കൾ പ്രത്യേകിച്ച് പി.ജെ ജോസഫും ജോയി ഏബ്രഹാമും നടത്തിയ പ്രസ്താവനകൾ വേദനാജനകമായിരുന്നെന്ന് അവർ പറഞ്ഞു.

ചിഹ്നം അനുവദിപ്പിച്ച് തരാമെന്ന് ഉറപ്പ് നൽകിയ യുഡിഎഫ് നേതൃത്വം മൗനം പാലിക്കുകയാണുണ്ടായത്.തെരെഞ്ഞെടുപ്പ് ദിവസം പോലും വിഭാഗീയ പ്രസ്താവന നടത്തി വോട്ടർമാരുടെ മനം മടുപ്പിച്ച ജോസഫും കൂട്ടരും ഇപ്പോൾ പറയുന്ന മുന്നണി മര്യാദ അന്നെവിടെയായിരുന്നു.തങ്ങളോട് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ് നേതൃത്വം ജോസഫിന്റെ അപശബ്ദങ്ങൾ കണ്ടില്ലെന്ന് നടിച്ചു.

അകലകുന്നം,ബ്‌ളാൽ, ഉപതിരഞ്ഞെടുപ്പുകളിൽ ചിഹ്നം നൽകാതെ അപമാനിച്ചു.കോട്ടയം ജില്ലയിലെ അകലകുന്നത്ത് കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെ പിന്തുണച്ച്. മനസാക്ഷി വോട്ടിനാണ് ആഹ്വാനം നൽകിയത്.ഇരു സ്ഥലങ്ങളിലും എന്നിട്ടും തങ്ങളാണ് ജയിച്ചത്.ഇതെല്ലാം കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് അവർ തുറന്നടിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പിന്തുണച്ച അജിത്ത് മുതിരമല,മേരി സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുപ്പിന്റെ രണ്ടു നാൾ മുമ്പ് കാലുമാറിയത് ഒരിക്കലും അംഗീകരിക്കില്ല.ജോസഫ് വിഭാഗം നടത്തിയ കുതിര കച്ചവടം യുഡിഎഫ് തടഞ്ഞില്ല.

കെ.എം.മാണി രൂപം കൊടുത്ത കരാറാണ് പാലിക്കപ്പെടേണ്ടത് അല്ലാതെ എഴുതപ്പെടാത്ത കരാറല്ലായെന്നും ജോസ് വിഭാഗം ആരോപിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭകളിലെ അധികാര കൈമാറ്റം പാലിക്കപെട്ടത് കെ.എം മാണീയുടെ കാലത്തെ കരാർ ആയതുകൊണ്ടാണ്.

മുന്നണി മര്യാദയും തെരഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട അച്ചടക്കവും ഒരിക്കലും അംഗീകരിക്കാതെ തുടർച്ചയായ പ്രസ്താവനകളും വ്യക്തിഹത്യയും നടത്തി മുന്നണി യിലെ അച്ചടക്കം ലംഘിച്ച ജോസഫ് വിഭാഗം എന്നും നിൽക്കുന്ന മുന്നണിയിൽ അസ്വസ്ഥത സൃഷ്ടിക്കുക പതിവാണ്.മുല്ലപ്പെരിയാർ വിഷയം മന്ത്രിയായിരിക്കെ അപക്വമായ രീതിയിൽ കൈകാര്യം ചെയ്തത് മറക്കാനാവില്ല. ഒരിക്കലും നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കാതെയും കൂറ് പുലർത്താതെയും എതിർ മുന്നണിയിലേക്ക് പ്രവേശനാപേക്ഷ നൽകി

മുന്നണി നയത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളുടെ പിടിവാശി അംഗീകരിക്കുവാൻ കഴിയില്ലെന്നും ജോസ് വിഭാഗം മുന്നണി നേതൃത്വത്തെ അറിയിച്ചു.തുടർന്ന് ജോസഫ് വിഭാഗം നേതാക്കളും ഊഴമായിരുന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു.ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ രാഷ്ട്രീയ കാര്യ സമിതി ചേർന്ന് ശേഷം വിവരം അറിയിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.