
സ്വന്തം ലേഖകൻ
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഐപി താനല്ലെന്ന് നഗരത്തിലെ ഹോട്ടൽ വ്യവസായി വ്യക്തമാക്കിയതോടെ യഥാർത്ഥ വി ഐ പി ദിലീപിന്റെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ കോട്ടയംകാരനായ ഇക്കായോ? അതോ ഖദർ ധാരിയായ രാഷ്ട്രിക്കാരനോ എന്നായി ചർച്ച. ഇരുവരും ദിലീപിന്റെ അടുത്ത് സുഹൃത്തുക്കളാണ്.
ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്ന വി ഐ പി യെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതിന് പിന്നാലെ ചർച്ചകൾ കോട്ടയം നഗരം കേന്ദ്രീകരിച്ചായി. തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ദിലീപുമായി ഖത്തറിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന വ്യവസായിക്ക് തിരുനക്കരയിൽ ഹോട്ടൽ ഉള്ളതായും ഇദ്ദേഹം കോട്ടയം കുമരകം റോഡിൽ താമസിക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ വിവരം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതിനു പിന്നാലെ ചാനൽപ്പടയൊന്നാകെ ഇദ്ദേഹത്തിന്റെ ഇല്ലിക്കലുള്ള വീട്ടിലേക്ക് ഒഴുകിയെത്തി. എന്നാൽ ബാലചന്ദ്രകുമാർ പറയുന്ന വി ഐ പി താനല്ലെന്ന് ഹോട്ടലുടമയായ മെഹബൂബ് പറഞ്ഞു.
”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു.” ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണെന്നും മെഹബൂബ് പറഞ്ഞു. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ദിലീപിന്റെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവും ദിലീപിന്റെ അടുത്ത സുഹൃത്തും കോട്ടയം നഗരത്തിൽ നിരവധി കെട്ടിടങ്ങളുടെ ഉടമയുമായ ഇക്കയെന്ന് വിളിക്കുന്നയാളാണ് വി ഐ പിയെന്നും, കോട്ടയത്തെ പ്രമുഖനായ ഖദറിട്ട രാഷ്ട്രീയ നേതാവാണ് വി ഐ പിയെന്നും അണിയറയിൽ സംസാരമുണ്ട്. രാഷ്ട്രീയ നേതാവിന് ദിലീപുമായി ഏറെക്കാലത്തെ ആത്മബന്ധമാണുള്ളതെന്ന് തേർഡ് ഐ ന്യൂസിന് അന്വേഷണത്തിൽ വ്യക്തമായി.
കേസിലെ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.







