Spread the love

ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബെംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപ നഷ്ടമായി. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം സ്ത്രീയില്‍നിന്ന് പണം കൈക്കലാക്കിയത്.

video
play-sharp-fill

ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ 57-കാരിക്കാണ് മാസങ്ങള്‍ക്കിടെ പലതവണകളായി ഇത്രയുംതുക നഷ്ടമായത്. ആറുമാസംകൊണ്ട് ഏകദേശം 187 തവണകളായാണ് പരാതിക്കാരിയില്‍നിന്ന് പണം തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2024 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഡിഎച്ച്എല്‍ കുറിയറിന്റെ എക്‌സിക്യൂട്ടിവാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം സ്ത്രീയെ ആദ്യം ഫോണില്‍ വിളിച്ചത്. നിങ്ങളുടെ പേരില്‍ മുംബൈയിലെ ഓഫീസില്‍ ഒരു പാഴ്‌സല്‍ വന്നിട്ടുണ്ടെന്നും ഇതില്‍ എംഡിഎംഎ അടങ്ങിയിട്ടുണ്ടെന്നുമാണ് ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഴ്‌സലുമായി ബന്ധമില്ലെന്നും താന്‍ ബെംഗളരൂവിലാണ് താമസിക്കുന്നതെന്നും സ്ത്രീ മറുപടി നല്‍കി. എന്നാല്‍, പാഴ്‌സലിനൊപ്പം നല്‍കിയ ഫോണ്‍നമ്പര്‍ സ്ത്രീയുടേതാണെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ സംസാരിച്ചു.

പരാതിക്കാരിക്കെതിരേ തെളിവുകളുണ്ടെന്നും അറസ്റ്റുണ്ടാകുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടര്‍ന്ന് വീഡിയോകോളില്‍ വരാനും ആവശ്യപ്പെട്ടു. ഏകദേശം രണ്ടുദിവസം വീഡിയോകോളില്‍ ഇയാള്‍ സ്ത്രീയെ നിരീക്ഷണത്തിലാക്കി. ശേഷം സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മറ്റുചിലരും വീഡിയോകോളില്‍ സ്ത്രീയെ ‘തടങ്കലിലാക്കി’. എവിടെപ്പോകുന്നു, എന്തുചെയ്യുന്നു എന്നെല്ലാം കൃത്യമായി അറിയിക്കാനും നിര്‍ദേശിച്ചു.

മകന്റെ വിവാഹം നടക്കാനിരിക്കുന്നതിനാല്‍ പരാതിക്കാരി തട്ടിപ്പുകാരുടെ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുകയായിരുന്നു. ജാമ്യത്തിനെന്ന പേരില്‍ ആദ്യം രണ്ടുകോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. പിന്നീട് നികുതികളെന്ന് പറഞ്ഞ് വീണ്ടും പണം കൈക്കലാക്കി. ഇതിനുശേഷം പരാതിക്കാരിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. ബാങ്കിലെ പണംമുഴുവന്‍ കൈമാറണമെന്നും പരിശോധനയ്ക്കുശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ ഇതെല്ലാം തിരികെനല്‍കുമെന്നും പറഞ്ഞു. മകന്റെ വിവാഹത്തിന് മുന്‍പ് ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുമെന്നും പറഞ്ഞു. ഇതോടെ ബാങ്കിലെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ പിന്‍വലിച്ചാണ് പരാതിക്കാരി പണം കൈമാറിയത്. തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നപേരില്‍ ഒരു വ്യാജരേഖയും അയച്ചുനല്‍കി.

അതേസമയം, പണം തിരികെനല്‍കാമെന്ന് പറഞ്ഞ തീയതി തട്ടിപ്പുകാര്‍ മാറ്റിപ്പറഞ്ഞു. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് 2025 ഫെബ്രുവരിയില്‍ പണം തിരികെകിട്ടുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീടിത് മാര്‍ച്ചിലേക്ക് മാറ്റി. ഇതിനിടെ മാനസികമായും ശാരീരികമായും അസ്വസ്ഥയായ പരാതിക്കാരി ആശുപത്രിയില്‍ ചികിത്സതേടി. ഏകദേശം ഒരുമാസത്തോളം ഇവർ ചികിത്സയില്‍ കഴിഞ്ഞു. ഇതിനിടെ തട്ടിപ്പുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജൂണില്‍ മകന്റെ വിവാഹം കഴിഞ്ഞശേഷമാണ് സ്ത്രീ പോലീസിനെ സമീപിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.