മുൻ ഡി.ജി.പി ടി.പി സെൻകുമാർ ആത്മഹത്യ ചെയ്തു..! ഞെട്ടിവിറച്ച് തൃശൂർ പൊലീസ്; നെട്ടോട്ടമോടിയെത്തിയ പൊലീസ് കണ്ടത് ചിരിപ്പിക്കുന്ന കാഴ്ച

തേർഡ് ഐ ബ്യൂറോ

തൃശൂർ: മുൻ ഡി.ജി.പിയും ബി.ജെ.പി സഹയാത്രികനുമായ ടി.പി സെൻകുമാർ വിഷം കഴിച്ചു ജീവനൊടുക്കിയതായുള്ള വാർത്ത പൊലീസിനെ വട്ടംകറക്കി. തൃശൂർ പൊലീസിനെ വട്ടംചുറ്റിച്ചാണ് സെൻകുമാർ ആത്മഹത്യ ചെയ്‌തെന്ന വ്യാജ സന്ദേശം എത്തിയത്. സന്ദേശത്തിന്റെ ഉറവിടം തിരക്കി എത്തിയ പൊലീസ് അക്ഷരാർത്ഥത്തിൽ വട്ടംചുറ്റിപ്പോയി.

ടി.പി സെൻകുമാർ വിഷം കഴിച്ചെന്നും, ഫ്‌ളാറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് പൊലീസ് കൺട്രോൾ റൂമിലേയ്ക്ക് സന്ദേശം എത്തിയത്. തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിനാണ് ആദ്യം സന്ദേശം എത്തിയത്. തുടർന്നു ഈ സന്ദേശം തൃശൂർ പൊലീസ് കൺട്രോൾ റൂമിന് കൈമാറുകയായിരുന്നു.

സന്ദേശം കേട്ടപാതി കേൾക്കാത്ത പാതി തൃശൂർ പൊലീസ് കൺട്രോൾ റൂം അധികൃതർ വണ്ടിയുമെടുത്ത് പാഞ്ഞു. തുടർന്നു സന്ദേശം വെസ്റ്റ് പൊലീസിനു കൈമാറുകയും ചെയ്തു. വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ കാനാട്ടുകരയിലെ ഫ്‌ളാറ്റിൽ നിന്നാണ് സന്ദേശം എത്തിയതെന്നു കണ്ടെത്തി. തുടർന്നു, പൊലീസ് ഇവിടെ എത്തുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയോടെ ഇവിടെ എത്തിയ പൊലീസ് സംഘം ഫ്‌ളാറ്റിൽ മുഴുവൻ പരിശോധന നടത്തി. എന്നാൽ, ഇവിടെയെങ്ങും സെൻകുമാർ താമസിച്ചിരുന്നില്ലെന്നു വ്യക്തമായി. തുടർന്നു പൊലീസ് സംഘം സന്ദേശം വന്ന ഫോൺ നമ്പർ പിൻതുടർന്നു. ഈ അന്വേഷണം എത്തിയത് കാനാട്ടുകരയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന വയോധികയായ മുൻ അദ്ധ്യാപികയുടെ ഫ്‌ളാറ്റിലായിരുന്നു.

ഈ അദ്ധ്യാപികയാണ് ഫോൺ വിളിച്ചത് എന്ന സന്ദേശമാണ് ലഭിച്ചത്. ഇവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന വിവരമാണ് പൊലീസ് നൽകുന്നത്. പൊലീസ് സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിടിട്ടുണ്ട്.