ഞാനും നിങ്ങളുടെ അനിയത്തിയേയും അമ്മയേയും പോലെ ഒരു പെണ്ണാണ് ; നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നു : ഏഴ് വർഷം പ്രണയിച്ചയാൾ നിഷ്‌കരുണം ഉപേക്ഷിച്ചപ്പോൾ മരണത്തിന്റെ വഴി തെരഞ്ഞെടുത്ത അർച്ചനയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

 

ആലപ്പുഴ : കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയിൽ നിന്നും കേരളക്കര മുക്തരാവുന്നതിന് മുൻപ് തന്നെ പ്രണയത്തിന്റെ പേരിൽ മറ്റൊരു പെൺകുട്ടിയുടെ കൂടി ആത്മഹത്യയ്ക്ക്  കേരളക്കര സാക്ഷിയായി. ആത്മഹത്യക്കുറിപ്പ് എഴുതി വച്ചിട്ടാണ് ആറാട്ടുപുഴ സ്വദേശിനിയായ അർച്ചന ജീവനൊടുക്കിയത്.

ശ്യാമണ്ണൻ ഒന്നു മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നു. നീണ്ട ഏഴു വർഷത്തോളം പ്രണയിച്ചയാൾ സ്ത്രീധനത്തിന്റെ പേരിൽ, ഏഴു വർഷം പ്രണയിച്ചയാൾ തന്നെ നിഷ്‌കരുണം ഉപേക്ഷിച്ചപ്പോൾ സ്വയം ജീവനൊടുക്കിയ 21 കാരി അർച്ചനയുടെ വാക്കുകളാണിവ.

എല്ലാവരോടും ക്ഷമ ചോദിച്ചും, അനിയത്തിയോട് നന്നായി പഠിച്ച്, നല്ലൊരു ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും പറഞ്ഞിട്ടാണ് അർച്ചന ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. ആലപ്പുഴ ആറാട്ടുപുഴ രാമഞ്ചേരിയിൽ മുരിക്കിൻ വീട്ടിൽ വിശ്വനാഥന്റെ മകളാണ് അർച്ചന

,സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ ഉപേക്ഷിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അർച്ചന ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. പഠനത്തിൽ മിടുക്കിയായിരുന്നു അർച്ചന വിശ്വനാഥൻ.

2016-17 ലെ പ്ലസ് ടു പരീക്ഷയിൽ കൊപ്പാറത്ത് എച്ച് എസ്സിൽ നിന്നും സയൻസിൽ ഒന്നാം റാങ്ക് നേടിയ സമയത്ത് അർച്ചനയെ അനുമോദിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോർഡുകൾ ഇപ്പോഴും ആ നാട്ടിലുണ്ട്. ബിഎസ് സി നഴ്‌സിംഗ് പഠിച്ച് നല്ലൊരു ജോലിയും ജീവിതവും അർച്ചനയും സ്വപ്‌നം കണ്ടിരുന്നു.

അച്ഛന് കൊടുത്ത വാക്ക് തനിക്ക് പാലിക്കാൻ പറ്റിയില്ലെന്ന വിഷമം അർച്ചന ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, തന്നെ വഞ്ചിച്ചയാളോട് നന്നായി ജീവിക്കാനും പറഞ്ഞിട്ടാണ് ആ പെൺകുട്ടി മരണത്തിലേക്ക് നടന്നു കയറിയത്.

ആത്മഹത്യാക്കുറിപ്പിൽ യുവാവിന്റെ വീട്ടുകാരെയും കത്തിൽ പരാമർശിക്കുന്നുണ്ട്. ‘അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ, അവർക്ക് കൊടുത്ത വാക്ക് പാലിക്ക്’, എന്നാണ് അർച്ചന എഴുതിയിരിക്കുന്നത്.

അർച്ചനയുടെ മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെട്ട സ്ത്രീധനം കിട്ടില്ലെന്നറിഞ്ഞതോടെയാണ് അർച്ചനയുമായുള്ള വിവാഹത്തിൽ നിന്നും യുവാവിന്റെ വീട്ടുകാർ പിന്മാറിയത്. വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ചായിരുന്നു യുവാവിന്റെ നിലപാട്. ഇതാണ് അർച്ചനയെ തകർത്തു കളഞ്ഞത്.

‘എല്ലാവരും എന്നോട് ക്ഷമിക്കണം, എന്റെ അച്ഛന്റെ ആഗ്രഹം ഒന്നും നിറവേറ്റാൻ പറ്റിയില്ല. (അനിയത്തി) നന്നായി പഠിക്കണം. ജോലി വാങ്ങണം, അച്ഛനെയും അമ്മയെയും നീ നോക്കണം. പഠിത്തത്തിൽ ഉഴപ്പരുത്. എല്ലാവരും പറഞ്ഞു, ശ്യാമണ്ണനെ മറക്കാൻ,, എനിക്ക് പറ്റുന്നില്ല.

ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ. ശ്യാമണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവർക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പം ഇല്ല എന്നറിയാം. ശ്യാമണ്ണൻ ഒന്നു മനസിലാക്കണം. ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആയിരുന്നു’, ഇതായിരുന്നു അർച്ചനയുടെ ആത്മഹത്യ കുറിപ്പിലെ അവസാന വാക്കുകൾ.

അർച്ചന പ്ലസ് ടുവിന് പഠിക്കുമ്‌ബോൾ ഈ യുവാവ് വിവാഹ ആലോചനയുമായി വീട്ടിൽ വന്നിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ആ സമയത്ത് വിവാഹം നടത്താൻ കഴിയില്ലെന്നായിരുന്നു അർച്ചനയുടെ മാതാപിതാക്കൾ പറയുന്നത്.

പിന്നീട് അർച്ചന ബിഎസ് സി നഴ്‌സിംഗ് പഠിക്കാൻ പോയി. ഈ സമയത്തും യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. എന്നാൽ ഇതിനിടയ്ക്ക് വിദേശത്ത് പോയ യുവാവ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ എത്തുകയും ചെയ്തു.

ഇതോടെയാണ് പെൺകുട്ടിയിൽ നിന്നും ഇയാൾ അകലാൻ തുടങ്ങിയത്. അവന്റെ സഹോദരിയെ 101 പവനും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും ഇത്രയും തുക തന്നെ തനിക്കും വേണമെന്നുമായിരുന്നു യുവാവിന്റെ നിർബന്ധം.

ദിവസക്കൂലിക്കാരനായ അർച്ചനയുടെ അച്ഛൻ വിശ്വനാഥന് ഇത്രയും തുക നൽകി മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ കഴിയില്ലായിരുന്നു. ഇതിനിടയിൽ യുവാവിന്റെ മാതാപിതാക്കൾ മറ്റൊരു വിവാഹബന്ധം മകനു വേണ്ടി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിവാഹത്തിന് യുവാവും സമ്മതിച്ചതോടെയാണ് അർച്ചന ജീവനൊടുക്കാൻ തീരുമാനിച്ചത്.

അച്ഛനും അമ്മയും ജോലിക്കു പോയ സമയത്തായിരുന്നു അർച്ചന ഒതളങ്ങ കഴിക്കുന്നത്. വിഷക്കായ കഴിച്ച് അവശനിലയിലായ അർച്ചനെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

മാതാപിതാക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ യുവാവ് ഒളിവിലാണ്.